റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പ്രയാഗ്രാജില്‍ അക്രമങ്ങളില്‍ പങ്കുണ്ടെന്ന് സംശയിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടിയുമായി ഉത്തര്‍പ്രദേശ് പോലീസ്

June 13, 2022 - 11:29 am

ലഖ്നൗ: ബി.ജെ.പി. നേതാക്കളുടെ പ്രവാചകനിന്ദാ പരാമര്‍ശങ്ങള്‍ക്കെതിരേ കഴിഞ്ഞ 10/06/22 വെള്ളിയാഴ്ച നടന്ന പ്രതിഷേധങ്ങള്‍ക്കിടയുണ്ടായ അക്രമങ്ങളില്‍ പങ്കുണ്ടെന്ന് സംശയിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടിയുമായി ഉത്തര്‍പ്രദേശ് പോലീസ്. പ്രയാഗ്രാജിലെ അക്രമങ്ങളുടെ സൂത്രധാരനെന്നു പോലീസ് കരുതുന്ന വെല്‍ഫയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യ നേതാവ് ജാവേദ് മുഹമ്മദിന്റെ വീട് ബുള്‍ഡോസറുകള്‍ ഉപയോഗിച്ച് ഇടിച്ചുനിരത്തി. പ്രയാഗ്രാജില്‍ രണ്ടിടങ്ങളില്‍ വെള്ളിയാഴ്ച കല്ലേറ് നടന്നിരുന്നു. അനധികൃത നിര്‍മാണത്തിന്റെ പേരിലാണു നടപടിയെന്നും ജാവേദ് മുഹമ്മദിനു നേരത്തെ നോട്ടീസ് നല്‍കിയിരുന്നെന്നും മുനിസിപ്പല്‍ അധികൃതര്‍ പറഞ്ഞു. അനധികൃത നിര്‍മാണം ആരോപിച്ചു ജെ.കെ. ആഷിയാന കോളനിയിലെ വീടിനു മുന്നില്‍ നോട്ടീസ് പതിച്ചു മണിക്കൂറുകള്‍ക്കുള്ളിലായിരുന്നു ഇടിച്ചുനിരത്തല്‍.

വീടു തകര്‍ക്കുമെന്ന് മുന്നറിയിപ്പ് വന്നതോടെ ഇവിടെയുള്ള സാധനങ്ങളെല്ലാം മാറ്റി. വീട്ടില്‍ നടത്തിയ പരിശോധനയില്‍ മുദ്രാവാക്യങ്ങളെഴുതിയ പോസ്റ്ററുകളും പതാകകളും കണ്ടെടുത്തതായി റിപ്പോര്‍ട്ടുണ്ട്. ”അനീതി എപ്പോള്‍ നിയമമാകുന്നുവോ, കലാപം അവിടെ കടമയാകുന്നു” എന്നാണു പോസ്റ്ററില്‍ എഴുതിയിരുന്നത്. കേസില്‍ ജാവേദിന്റെ ഭാര്യ പര്‍വീണ്‍, മകള്‍ സുമയ്യയും ഉള്‍പ്പടെ അറസ്റ്റിലായിരുന്നു. ജാവേദിന്റെ മറ്റൊരു മകളും വിദ്യാര്‍ത്ഥി നേതാവുമായ അഫ്രീന്‍ ഫാത്തിമ നടപടിക്കെതിരേ അലഹബാദ്‌ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. സി.എ.എ. വിരുദ്ധ പ്രക്ഷോഭത്തിലും അഫ്രീന്‍ നിറസാന്നിധ്യമായിരുന്നു.അതേസമയം, മേയ് ഒമ്പതിനു ജാവേദിന് അനധികൃത നിര്‍മാണം സംബന്ധിച്ച് നോട്ടീസ് നല്‍കിയിരുന്നെന്നാണ് അധികൃതരുടെ വിശദീകരണം. സഹാരന്‍പുരിലും ജൂണ്‍ മൂന്നിന് അക്രമം നടന്ന കാണ്‍പുരിലും സമാനമായ രീതിയില്‍ രണ്ടു കെട്ടിടങ്ങള്‍ ഇടിച്ചുനിരത്തിയിരുന്നു. അതിനിടെ, അക്രമങ്ങളുമായി ബന്ധപ്പെട്ട് യു.പി. പോലീസ് 306 പേരെ അറസ്റ്റ് ചെയ്തു. 13 എഫ്.ഐ.ആര്‍. ഫയല്‍ചെയ്തു. പ്രയാഗ്രാജില്‍ 91 പേരും സഹാറന്‍പുരില്‍ 71, ഹത്രാസില്‍ 51, മെറാദാബാദില്‍ 34, ഫിറോസാബാദില്‍ 15, അബേദ്കര്‍നഗറില്‍ 34 പേരും അറസ്റ്റിലായി.ആയുധങ്ങള്‍ ഉപയോഗിക്കുകയും പൊതു, സ്വകാര്യ മുതലുകള്‍ നശിപ്പിക്കുകയും ചെയ്തവര്‍ക്കെതിരേ നിയമപരമായ നടപടികള്‍ സ്വീകരിക്കുമെന്ന് എ.ഡി.ജി.പി: പ്രശാന്ത് കുമാര്‍ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *