ലൈഫ് ഭവന പദ്ധതി; കരട് പട്ടികയില്‍ 37735 കുടുംബങ്ങൾ

ആലപ്പുഴ: ലൈഫ് ഭവന പദ്ധതിയുടെ രണ്ടാം ഘട്ട ഗുണഭോക്താക്കളുടെ കരട് പട്ടിക ഗ്രാമപഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും പ്രസിദ്ധീകരിച്ചു. ജില്ലയിലെ ഭൂമിയുള്ള ഭവനരഹിതരായ 27,823 കുടുംബങ്ങളും ഭൂരഹിത ഭവനരഹിതരായ 9,912 കുടുംബങ്ങളും കരട് പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

ഫീല്‍ഡ് തല പരിശോധനയില്‍ കണ്ടെത്തിയ അര്‍ഹരുടെയും അനര്‍ഹരുടെയും പട്ടികകള്‍ പ്രത്യേകമായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. പട്ടിക സംബന്ധിച്ച അപ്പീലുകള്‍ സ്വീകരിക്കുന്നതിന് രണ്ടു തലങ്ങളില്‍ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഗ്രാമപഞ്ചായത്തുകളിലെ പട്ടികളുമായി ബന്ധപ്പെട്ട ആക്ഷേപങ്ങള്‍ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിമാര്‍ക്കും മുനിസിപ്പാലിറ്റികളിലെ ആക്ഷേപങ്ങള്‍ നഗരസഭാ സെക്രട്ടറിമാര്‍ക്കും ജൂണ്‍ 17 വരെ അപ്പീല്‍ സമര്‍പ്പിക്കാം. പുതിയ അപേക്ഷകള്‍ സ്വീകരിക്കില്ല.

അപ്പീലുകള്‍ സ്വീകരിക്കാന്‍ ബ്ലോക്ക് പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും ഹെല്‍പ്പ് ഡസ്കുകള്‍ ഒരുക്കിയിട്ടുണ്ട്. അക്ഷയ കേന്ദ്രങ്ങള്‍ വഴിയും അപ്പീല്‍ സമര്‍പ്പിക്കാം. അര്‍ഹത ഉറപ്പു വരുത്തുന്നതിനും  മുന്‍ഗണനയില്‍ മാറ്റം വരുത്തുന്നതിനും ഭൂമിയുള്ള ഭവന രഹിതരുടെ പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്ക് ഭൂരഹിത ഭവന രഹിതരുടെ പട്ടികയിലേക്കും മറിച്ചും മാറുന്നതിനും അപ്ലോഡ് ചെയ്ത രേഖകളിൽ   മാറ്റം വരുത്തുന്നതിനും അപ്പീല്‍ സമര്‍പ്പിക്കാം. അര്‍ഹതയുള്ളവരുടെ പട്ടികയില്‍ അനര്‍ഹര്‍ ഉള്‍പ്പെട്ടതായി ആക്ഷേപം ഉള്ളവർക്ക് ഹെല്‍പ്പ് ഡെസ്‌ക്ക് മുഖേന പരാതി നല്‍കാം.

ആദ്യ തലത്തിലെ അപ്പീലിനു ശേഷമുള്ള കരട് പട്ടിക ജൂലൈ ഒന്നിന് പ്രസിദ്ധീകരിക്കും. 

ഇതിൻമേലുള്ള അപ്പീല്‍ ജൂലൈ ഒന്നിനു ശേഷം ജില്ലാ കളക്ടര്‍ക്ക് ഓണ്‍ലൈനായി സമര്‍പ്പിക്കാം. ജില്ലാ കളക്ടര്‍ അധ്യക്ഷനും ലൈഫ് മിഷൻ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ കണ്‍വീനറുമായ കമ്മിറ്റിയാണ് ഇത്തരം അപ്പീലുകള്‍  പരിശോധിക്കുക. രണ്ടു തലങ്ങളിലും അപ്പീലുകള്‍ പരിഗണിച്ച ശേഷം ഗ്രാമസഭകളിലും വാര്‍ഡ് സഭകളിലും പട്ടിക പരിശോധിച്ച് അനര്‍ഹരെ  ഒഴിവാക്കും. ഗ്രാമസഭകളുടെയും വാര്‍ഡ് സഭകളുടെയും  അംഗീകാരത്തിനു ശേഷം ഓഗസ്റ്റ് 10നകം പട്ടികയ്ക്ക് ഭരണ സമിതി അംഗീകാരം നല്‍കി ഓഗസ്റ്റ് 16ന് അന്തിമ പട്ടിക പ്രസിദ്ധീകരിക്കും.

Share
അഭിപ്രായം എഴുതാം