താജ്‌മഹലിലെ അടച്ചിട്ട 20 മുറികള്‍ തുറക്കാന്‍ നിര്‍ദ്ദേശം നല്‍കണമെന്നാവശ്യപ്പെട്ട്‌ ഹൈക്കോടതിയില്‍ ഹര്‍ജി

ന്യൂ ഡല്‍ഹി ; ആഗ്രയിലെ താജ്‌ മഹലില്‍ ഹിന്ദു വിഗ്രഹങ്ങളും ലിഖിതങ്ങളും ഒളിപ്പിച്ചിട്ടുണ്ടോയെന്ന്‌ കണ്ടെത്തണമെന്നാവശ്യപ്പെട്ട്‌ ബിജെപി നേതാവ്‌ അലഹബാദ്‌ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. താജമഹലിലെ അടച്ചിട്ടിരിക്കുന്ന 20 മുറികള്‍ തുറക്കാന്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ്‌ ഇന്ത്യക്ക്‌ (എ.എസ്‌.ഐ)നിര്‍ദ്ദേശം നല്‍കണമെന്നാണ്‌ ആവശ്യം. അലഹബാദ്‌ ഹൈക്കോടതിയിലെ ലഖ്‌നോ ബെഞ്ചിലാണ്‌ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്‌. അയോദ്ധ്യ ജില്ലയിലെ ബിജെപി മീഡിയാ ഇന്‍ചാര്‍ജ്‌ ഡോക്ടര്‍ രജനീ്‌ ആണ്‌ ഹര്‍ജി സമര്‍പ്പിച്ചത്‌.

ഈ മുറികള്‍ പരിശോധിക്കുന്നതിനും അവിടെയുളള ഹിന്ദു വിഗ്രഹങ്ങളുമായോ ഗ്രന്ഥങ്ങളുമായോ ബന്ധപ്പെട്ട തെളിവുകള്‍ കണ്ടെത്തുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ ഒരു കമ്മറ്റി രൂപീകരിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്‌. താജ്‌മഹലിലെ പൂട്ടിയിട്ടിരിക്കുന്ന മുറികളില്‍ പ്രവേശിക്കാന്‍ ആര്‍ക്കും അനുമതിയില്ല. ഈ മുറികളില്‍ ഹൈന്ദവ ദൈവങ്ങളുടെയും ഗ്രന്ഥങ്ങലുടെയും വിഗ്രഹങ്ങള്‍ ഉണ്ടെന്ന്‌ വിശ്വസിക്കപ്പെടുന്നു. വസ്‌തുതകള്‍ അറിയാന്‍ ഈ മുറികള്‍ തുറക്കാന്‍ എഎസ്‌ഐ യോട്‌ നിര്‍ദ്ദേശിക്കണമെന്നാണ്‌ ഹര്‍ജി.

താജ്‌മഹല്‍ ശിവക്ഷേത്രമായിരുന്നുവെന്ന്‌ അവകാശപ്പെട്ട്‌ 2015ല്‍ ആറ്‌ അഭിഭാഷകര്‍ കേസ്‌ ഫയല്‍ ചെയ്‌തിരുന്നു. 2017ല്‍ ബിജെപി നേതാവ്‌ വിനയ്‌ കത്യാര്‍ യുപി മുഖ്യമന്ത്രി യോഗി ആദിത്യ നാഥിനോട്‌ താജ്‌ിമഹല്‍ സന്ദര്‍ശിച്ച്‌ പരിശോധന നടത്തണമെന്ന്‌ ആവശ്യപ്പെട്ടു. 2019 ജനുവരിയില്‍ ബിജെപി നേതാവ്‌ അനന്ത്‌കുമാര്‍ ഹെഗ്‌ഡെയും താജ്‌മഹല്‍ നിര്‍മിച്ചത്‌ ഷാജഹാനല്ലെന്നും ജയസിംഹ രാജാവില്‍ നിന്നു വാങ്ങിയതാണെന്നും അവകാശപ്പെട്ടു. അതേസമയം ഇത്തരം അവകാശ വാദങ്ങള്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ്‌ ഇന്ത്യ തളളിക്കളഞ്ഞിട്ടുണ്ട്‌.

താജ്‌മഹല്‍ മുഗള്‍ ചക്രവര്‍ത്തിയായ ഷാജഹാന്‍ ഒരു ശവകുടീരമായാണ്‌ നിര്‍മിച്ചതെന്നും തന്റെ പത്‌നി മുംതാസ്‌ മഹലിന്റെ ശവകുടീരവും ആരാധനാലയവുമാക്കാന്‍ ഉദ്ദേശിച്ചാണ്‌ നിര്‍ദ്ദേശിച്ചതെന്നും എഎസ്‌ഐ കോടതിയില്‍ സത്യവാങ്‌മൂലം നല്‍കിയിരുന്നു.

Share
അഭിപ്രായം എഴുതാം