റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

റഷ്യന്‍ സേനയിലെ ഉന്നതരെ വധിക്കാന്‍ യുക്രൈനെ സഹായിച്ചത് അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗം

May 6, 2022 - 10:54 am

മോസ്‌കോ: റഷ്യന്‍ സേനയിലെ ഉന്നതരെ വധിക്കാന്‍ യുക്രൈനെ സഹായിച്ചത് അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗമെന്നു റിപ്പോര്‍ട്ട്. റഷ്യന്‍ സേനാനീക്കം സംബന്ധിച്ച നിര്‍ണായകവിവരങ്ങള്‍ യുക്രൈനു കൈമാറിയായിരുന്നു അമേരിക്കയുടെ പിന്തുണയെന്നു ന്യൂയോര്‍ക്ക്‌ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ആണവായുധ വാഹനശേഷിയുള്ള മിസൈലുകള്‍ വര്‍ഷിക്കുന്നതില്‍ സൈനികര്‍ക്കു പരിശീലനം നല്‍കിയെന്ന വെളിപ്പെടുത്തലുമായി റഷ്യയും രംഗത്ത്.റഷ്യയുടെ യുക്രൈന്‍ അധിനിവേശത്തിനു പ്രതീക്ഷിച്ചത്ര വേഗം കൈവരിക്കാന്‍ കഴിയാതിരുന്നതിനു പ്രധാന കാരണം ജനറല്‍മാരടക്കം റഷ്യന്‍ സേനയിലെ ഉന്നതോദ്യോഗസ്ഥര്‍ യുക്രൈന്റെ മണ്ണില്‍ കൊല്ലപ്പെട്ടതായിരുന്നുവെന്നാണ് വിലയിരുത്തപ്പെടുന്നത്.

ജനറല്‍മാരുടെ ശ്രേണിയില്‍പ്പെടുന്ന പന്ത്രണ്ടോളം പേരെ വധിച്ചെന്നാണു യുക്രൈന്‍ അവകാശപ്പെടുന്നത്. സൈനിക ഉന്നതരെ വധിക്കാന്‍ യുക്രൈനു രഹസ്യവിവരങ്ങള്‍ കൈമാറിയത് അമേരിക്കയായിരുന്നുവെന്നാണ് ന്യൂയോര്‍ക്ക്‌ ടൈംസ് വ്യക്തമാക്കുന്നത്. സേനാ നീക്കം സംബന്ധിച്ചും റഷ്യയുടെ മൊെബെല്‍ സൈനിക കേന്ദ്രആസ്ഥാനത്തെക്കുറിച്ചുമുള്ള കൃത്യമായ വിവരങ്ങള്‍ യുക്രൈന്‍ അധികൃതര്‍ക്കു യു.എസ്. രഹസ്യാന്വേഷണ വിഭാഗം നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ യുക്രൈന്‍ നടത്തിയ ആക്രമണങ്ങളാണ് ഉന്നത സൈനികോദ്യോഗസ്ഥരുടെ മരണത്തില്‍ കലാശിച്ചത്.

യുക്രൈന്‍ സേനയുടെ അപ്രതീക്ഷിത ചെറുത്തുനില്‍പ്പില്‍ പകച്ച റഷ്യന്‍ പടയുടെ ആത്മവീര്യം കെടുത്തുന്നതായിരുന്നു സ്വന്തം നിരയിലെ ഉന്നതരുടെ മരണമെന്നും റിപ്പോര്‍ട്ട് പറയുന്നു. എന്നാല്‍, ഈ വിവരങ്ങള്‍ സ്ഥിരീകരിക്കാന്‍ പെന്റഗണോ വൈറ്റ്ഹൗസോ തയാറായിട്ടില്ല.അതിനിടെ, ആണവപോര്‍മുന വഹിക്കാന്‍ ശേഷിയുള്ള മിസൈലുകള്‍ വര്‍ഷിക്കുന്നതില്‍ സൈനികര്‍ക്കു പരിശീലനം നല്‍കിയെന്നു റഷ്യ വെളിപ്പെടുത്തി. ബാള്‍ട്ടിക് കടലില്‍ പോളണ്ടിനും ലിത്വാനിയയ്ക്കും ഇടയിലുള്ള റഷ്യന്‍ അധീനമേഖലയായ കലിനിന്‍ഗ്രാഡിലായിരുന്നു മിസൈല്‍ പരിശീലനം.ആണവപോര്‍മുന വഹിക്കാന്‍ ശേഷിയുള്ള ഇസ്‌കാന്‍ഡര്‍ ബാലിസ്റ്റിക് മിസൈലുകളുടെ ‘ഇലക്ട്രോണിക് ലോഞ്ചിങ്ങി’ലൂടെയായിരുന്നു പരിശീലനം. യഥാര്‍ഥ മിസൈലുകള്‍ തൊടുത്തായിരുന്നില്ല, മിസൈല്‍ മാതൃകകളിലായിരുന്നു പരിശീലനമെന്നും വിവരമുണ്ട്. ആണവ, രാസ ആക്രമണമുണ്ടായാല്‍ നേരിടേണ്ടവിധം സംബന്ധിച്ച് നൂറിലധികം സൈനികര്‍ പരിശീലനം നടത്തി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *