ലഖ്നൗ: ലഖിംപുര്‍ ഖേരി കലാപക്കേസിലെ പ്രധാന കുറ്റാരോപിതനും കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകനുമായ ആശിഷ് മിശ്ര ജുഡീഷ്യല്‍ മജിസ്ട്രേറ്റിനു മുന്നില്‍ കീഴടങ്ങി. അലഹാബാദ് ഹൈക്കോടതി അനുവദിച്ച ജാമ്യം സുപ്രീംകോടതി റദ്ദാക്കിയതിനു പിന്നാലെയാണ് കീഴടങ്ങല്‍.
അനുവദിക്കപ്പെട്ട ഒരാഴ്ച സമയം പൂര്‍ത്തിയാകാന്‍ ഒരു ദിവസം ബാക്കിനില്‍ക്കെയാണ് ആശിഷ് മിശ്ര മജിസ്ട്രേറ്റിനു മുന്നിലെത്തിയത്. തുടര്‍ന്ന് അദ്ദേഹത്തെ ജില്ലാ ജയിലിലേക്കു മാറ്റി. ഉത്തര്‍പ്രദേശിലെ ലഖിംപുര്‍ ഖേരിയില്‍ കേന്ദ്ര കാര്‍ഷികനിയമങ്ങള്‍ക്കെതിരേ പ്രതിഷേധിച്ചുകൊണ്ടിരുന്ന കര്‍ഷകര്‍ക്കിടയിലേക്കു വാഹനം ഓടിച്ചുകയറ്റിയെന്നാണു കേസ്. നാലു കര്‍ഷകര്‍ ഉള്‍പ്പെടെ എട്ടുപേരാണ് ഇതില്‍ മരിച്ചത്. കഴിഞ്ഞ ഒക്ടോബറിലായിരുന്നു സംഭവം.



