കൊച്ചി: വ്യാപാരിയെ മര്‍ദ്ദിച്ച് രണ്ടുലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ കൊച്ചി കോര്‍പ്പറേഷനിലെ കോണ്‍ഗ്രസ് കൗണ്‍സിലര്‍ ഉള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റിൽ. വാത്തുരുത്തി ഡിവിഷന്‍ കൗണ്‍സിലര്‍ ഡിബിന്‍ ദേവസി, കാസര്‍കോട് സ്വദേശി ഫയാസ്, കാക്കനാട് സ്വദേശി ഷമീര്‍ എന്നിവരെയാണ് എളമക്കര പോലീസ് അറസ്‌റ്റ് ചെയ്‌തത്. ഇടപ്പളളിയില്‍ വ്യാപാരിയായ കാസര്‍കോട് സ്വദേശി കൃഷ്‌ണമണിയുടെ പരാതിയിലാണ് നടപടി. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്‌തു.
പരാതിക്കാരനും അറസ്റ്റിലായ ഫയാസും ഖത്തറില്‍ ഒരുമിച്ച ബിസിനസ് നടത്തിയിരുന്നു. ഇതുമായി ബന്ധ്‌പ്പെട്ട് 40 ലക്ഷം രൂപ കൃഷ്‌ണമണി ഫയസിന് നല്‍കാനുണ്ടെന്ന് ആരോപിച്ച3യിരുന്നു ആക്രമണം. അറസ്റ്റിലായ ടിബിന്‍ ദേവസി മറ്റ് നിരവധി കേസുകളിലും പ്രതിയാണ്.
ഇടപ്പളളിയിലെ കൃഷ്‌ണമണിയുടെ ഓഫീസില്‍ കോണ്‍ഗ്രസ് കൗണ്‍സിലര്‍ ടിബിന്‍ ദേവസിയും ഫയാസും ഷമീറും 2022 ഏപ്രില്‍ 7 വ്യാഴാഴ്‌ച എത്തിയിരുന്നു. കൃഷ്‌ണമണി ഫയാസിന് നല്‍കാനുണ്ടെന്ന് അവകാശപ്പെടുന്ന പണം ഉടന്‍ നല്‍കണമെന്നാവശ്യപ്പെട്ടാണ് എത്തിയത്. നാലുമണിക്കൂറോളം കൃഷ്‌ണമണിയെ തടഞ്ഞുവച്ച് ഭീഷണിപ്പെടുത്തി. പണം ആവശ്യപ്പെടുകയും ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്‌തെന്നാണ് പരാതി. അതിനിടെ കൃഷ്‌ണ മണിയുടെ രണ്ടുലക്ഷം രൂപ ഫയാസിന്റെ അക്കൗണ്ടിലേക്ക് മാറ്റി. തുടര്‍ന്ന് കൃഷ്‌ണമണിയുടെ ഭാര്യയുടെ അച്ഛന്‍ ജോലി ചെയ്യുന്ന സ്വകാര്യ ആശുപത്രിയിലേക്ക് ഇയാളെ കൊണ്ടുപോയി അവിടെ വച്ച് ഭാര്യയുടെ അച്ഛനെ ഭീഷണിപ്പെടുത്തി 20 ലക്ഷം രൂപ നല്‍കാനുണ്ടെന്ന് കരാറുണ്ടാക്കി. അക്രമിസംഘത്തില്‍ 10 പേരുണ്ടെന്നാണ് കൃഷ്‌ണമണി നല്‍കിയ പരാതിയില്‍ പറയുന്നത്. മറ്റുുപ്രതികള്‍ക്കായി അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് പറഞ്ഞു.



