തിരുവനന്തപുരം: മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫുകളുടെ നിയമനവും പെൻഷനും സംബന്ധിച്ച ചർച്ച ഭരണ- പ്രതിപക്ഷ കക്ഷികൾക്കുമപ്പുറത്തേക്ക് വ്യാപിക്കുന്നു.
വിഷയം ഉന്നയിച്ചു കൊണ്ട് 25 ൽ അധികം സംഘടനകളുടെ പങ്കാളിത്തത്തിൽ സെക്രട്ടറിയേറ്റിനു മുന്നിൽ ജനസഭ സംഘടിപ്പിക്കാൻ ഗാന്ധിയൻ കളക്ടീവ് തീരുമാനിച്ചിട്ടുണ്ട്. മാർച്ച് 10 നാകും ജനസഭ നടക്കുകയെന്ന് കൺവീനർ അഡ്വ: ഷൈജൻ ജോസഫ് അറിയിച്ചു.
ആന്റി കറപ്ഷൻ മൂവ്മെന്റ് , സേവ് കേരള സമിതി, വോട്ടേഴ്സ് അലയൻസ് എന്നീ സംഘടനകളുടെ സഹകരണവും ‘ജനസഭ ‘ യ്ക്കുണ്ട്.
പ്രവാസികളുടെ പണം കൊണ്ടു മാത്രം ഇരുകാലിൽ നിവർന്നു നിൽക്കുന്ന കേരളത്തിന്റെ സമ്പദ്ഘടനയ്ക്കു തന്നെ വെല്ലുവിളിയാണ് സർക്കാർ സംവിധാനങ്ങളുടെ ധൂർത്തും അഴിമതിയുമെന്ന വിമർശനമാണ് സാമൂഹ്യ നിരീക്ഷകർ മുന്നോട്ടു വയ്ക്കുന്നത്. ബ്യൂറോക്രസിയുടെയും എക്സിക്യുട്ടീവിന്റെയും വലിപ്പത്തെയും ചിലവുകളെയും താങ്ങാൻ കേരളീയ സമ്പദ് വ്യവസ്ഥയ്ക്കു സാധിക്കില്ലെന്ന വിലയിരുത്തൽ പല കോണുകളിൽ നിന്നും നേരത്തേ തന്നെ ഉയർന്നിട്ടുള്ളതാണ്.
മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫ് അംഗങ്ങള്‍ക്കുള്ള പെൻഷൻ ഭരണഘടനാ വിരുദ്ധമെന്ന് പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതിയുടെ പരിഗണനയിലാണ്.
വർഷം എൺപത് കോടി രൂപയിലേറെ പേഴ്സണൽ സ്റ്റാഫുകളുടെ പെൻഷൻ ഇനത്തിൽ സർക്കാർ ചെലവാക്കുന്നുണ്ട് എന്നാണ് കണക്ക്. കുടുംബ പെൻഷനടക്കം നല്‍കുന്നത് നിയമവിരുദ്ധമെന്നും ഹർജിയിൽ പറയുന്നു. പാലക്കാട് സ്വദേശി ദിനേശ് മേനോൻ ആണ് ഹൈക്കോടതിയിൽ ഹർജി നൽകിയത്.
മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിന് പെൻഷൻ നൽകുന്നതിനെതിരെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നേരത്തെ രംഗത്തെത്തിയിരുന്നു. നയപ്രഖ്യാപന പ്രസംഗം ഒപ്പിടാതെ സർക്കാരിനെ മുൾമുനയിൽ നിർത്തിയായിരുന്നു ഇക്കാര്യത്തിലുള്ള അതൃപ്തി ഗവർണർ പരസ്യമാക്കിയത്. മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫ് അംഗങ്ങൾ സർവ്വീസിൽ രണ്ട് വർഷം പൂർത്തിയാക്കിയാൽ പെൻഷൻ അർഹരാവും എന്ന ചട്ടം റദ്ദാക്കണം എന്ന് ആവശ്യപ്പെട്ടാണ് ഗവർണർ നയപ്രഖ്യാപന പ്രസംഗത്തിൽ ഒപ്പിടാതിരിക്കുന്നത്. പേഴ്സണൽ സ്റ്റാഫ് നിയമനത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ഗവർണർ സി എ ജിയേയും ബന്ധപ്പെട്ടിട്ടുണ്. സിഎജിയെ നേരിൽ വിളിച്ചാണ് ഗവർണർ ഇക്കാര്യത്തിൽ അന്വേഷണം ആവശ്യപ്പെട്ടത്. സർക്കാർ ഉദ്യോഗസ്ഥരെ പോലെ എങ്ങനെ പേഴ്സണൽ സ്റ്റാഫിന് പെൻഷൻ നൽകും എന്ന ചോദ്യമാണ് ഗവർണർ ഉന്നയിക്കുന്നത്.



