റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പൊതുവിതരണ സംവിധാനത്തിലെ എല്ലാ സേവനങ്ങളും ഓണ്‍ലൈനാക്കും

March 2, 2022 - 8:43 pm

തിരുവനന്തപുരം: പൊതുവിതരണ സംവിധാനവുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളും ഓണ്‍ലൈനാക്കി മാറ്റുമെന്നും  സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് ഓണ്‍ലൈന്‍സേവനങ്ങള്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാകുമെന്നും ഭക്ഷ്യ-പൊതുവിതരണവകുപ്പ് മന്ത്രി ജി.ആര്‍.അനില്‍. വഞ്ചിയൂര്‍ കോടതിയ്ക്ക് സമീപം പ്രവര്‍ത്തിച്ചിരുന്ന തിരുവനന്തപുരം താലൂക്ക് സപ്ലൈ ഓഫീസ് ,കടകംപള്ളി മിനി സിവില്‍ സ്റ്റേഷനിലേക്ക് മാറ്റിയതിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭക്ഷ്യ പൊതുവിതരണ വകുപ്പിന് കീഴിലുള്ള എല്ലാ ഓഫീസുകളും ഈ സര്‍ക്കാരിന്റെ കാലത്തുതന്നെ സ്വന്തം കെട്ടിടങ്ങളിലേക്ക് മാറുമെന്നും കാര്‍ഡുടമകള്‍ക്ക് അവരുടെ ആവശ്യങ്ങളും പരാതികളും ഓണ്‍ലൈനായി പരിഹരിക്കുന്നതിന് എല്ലാ സപ്ലൈ ഓഫീസുകളിലും ഇ-ഓഫീസ് സംവിധാനം ഏര്‍പ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.  

വിപണിയിലെ വില നിയന്ത്രണത്തിന് ഭക്ഷ്യ-പൊതുവിതരണ വകുപ്പിന്റെ ഭാഗത്ത് നിന്നും സജീവ ഇടപെടലുകളാണുണ്ടായത്. അതിന്റെ ഭാഗമായി പൊതുവിതരണ സംവിധാനത്തിലൂടെ വിതരണം ചെയ്യുന്ന ഭക്ഷ്യധാന്യങ്ങളുടെ ഗുണനിലവാരവും തൂക്കവും ഉറപ്പുവരുത്താനും കഴിഞ്ഞു. ഓരോ പ്രദേശത്തും ഏറ്റവും കൂടുതല്‍ നെറ്റ്വര്‍ക്ക് കവറേജുള്ള കമ്പനികളുടെ സിമ്മുകളുപയോഗിച്ച് ഇ-പോസ് മെഷീനിലെ നെറ്റ്വര്‍ക്ക് തകരാറുകള്‍ക്ക് ശാശ്വതപരിഹാരം കണ്ടെത്തുമെന്നും മന്ത്രി അറിയിച്ചു.

തിരുവനന്തപുരം താലൂക്കിലെ 334 റേഷന്‍ കടകള്‍ക്ക് കീഴില്‍ വരുന്ന രണ്ട് ലക്ഷത്തോളം കാര്‍ഡുടമകള്‍ക്കുള്ള സേവനങ്ങളാണ് താലൂക്ക് സപ്ലൈ ഓഫീസില്‍ നിന്ന് ലഭിക്കുക. മിനി സിവില്‍ സ്റ്റേഷനിലെ മൂന്നാം നിലയിലുള്ള സ്വന്തം കെട്ടിടത്തിലേക്ക് മാറിയതോടെ പ്രതിമാസ വാടകയിനത്തില്‍ 29,000 രൂപയാണ് വകുപ്പിന് ലാഭിക്കാനായത്.  

അഞ്ച് കോടി രൂപ ചെലവഴിച്ച് നിര്‍മ്മിച്ച മിനി സിവില്‍ സ്റ്റേഷനില്‍ കടകംപള്ളി വില്ലേജ് ഓഫീസ്, ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസ്, ജില്ലാ എംപ്ലോയ്‌മെന്റ് ട്രെയിനിംഗ് ഓഫീസ്, ആനയറ കുടുംബക്ഷേമ ഉപകേന്ദ്രം എന്നിവ ഉടന്‍ തന്നെ പ്രവര്‍ത്തനമാരംഭിക്കുമെന്ന് ചടങ്ങില്‍ അധ്യക്ഷനായിരുന്ന കടകംപള്ളി സുരേന്ദ്രന്‍ എം.എല്‍.എ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *