മൊഹാലി: ഇന്ത്യന്‍ മുന്‍ നായകന്‍ വിരാട് കോഹ്ലിയുടെ കരിയറിലെ 100-ാം ക്രിക്കറ്റ് ടെസ്റ്റ് നടക്കുന്നത് കാണികളില്ലാത്ത സ്റ്റേഡിയത്തില്‍. പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷന്റെ മൊഹാലിയിലുള്ള ഐ.എസ്. ബിന്ദ്ര സ്റ്റേഡിയത്തില്‍ മാര്‍ച്ച് നാല് മുതലാണു ശ്രീലങ്കയ്ക്കെതിരായ മത്സരം. കോവിഡ്-19 വൈറസ് മഹാമാരിയുടെ വ്യാപന ഭീഷണി മൂലമാണു മത്സരത്തിനു കാണികളെ ഒഴിവാക്കിയത്. മത്സരത്തിനു കാണികളെ അനുവദിക്കില്ലെന്ന് പി.സി.എ. ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ദീപക് ശര്‍മ പറഞ്ഞു. ഇന്ത്യയും ശ്രീലങ്കയും തമ്മില്‍ രണ്ട് ടെസ്റ്റുകളുടെ പരമ്പരയാണു നടക്കുക. രണ്ടാം ടെസ്റ്റ് ബംഗളുരുവിലെ ചിന്ന സ്വാമി സ്റ്റേഡിയത്തിലാണ്. 99 ടെസ്റ്റുകളില്‍നിന്ന് 50.39 ശരാശരിയില്‍ 27 സെഞ്ചുറികളുടെ അകമ്പടിയോടെ 7962 റണ്ണെടുക്കാന്‍ കോഹ്ലിക്കായി. ടെസ്റ്റില്‍ 100 മത്സരങ്ങള്‍ കളിക്കുന്ന 11-ാമത്തെ ഇന്ത്യന്‍ താരമെന്ന നേട്ടമാണു കോഹ്ലിയെ കാത്തിരിക്കുന്നത്. സച്ചിന്‍ തെണ്ടുല്‍ക്കര്‍ (200) രാഹുല്‍ ദ്രാവിഡ് (163) എന്നിവര്‍ കോഹ്ലിക്കു മുന്നിലാണ്. ഇന്ത്യയുടെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ കോഹ്ലി നൂറാം ടെസ്റ്റ് കളിക്കേണ്ടതായിരുന്നു. കേപ് ടൗണില്‍ നടന്ന ഒന്നാം ടെസ്റ്റില്‍ കളിച്ചതോടെ മുന്‍ നായകന്‍ 99 ലെത്തിയിരുന്നു. ജൊഹാനസ്ബര്‍ഗില്‍ നടന്ന രണ്ടാം ടെസ്റ്റ് കളിക്കാതെ അദ്ദേഹം നാട്ടിലേക്കു മടങ്ങി. ഒന്നാം ടെസ്റ്റിന് ആദ്യം ബംഗളുരു വേദിയായി നിശ്ചയിച്ചിരുന്നു. പിന്നീടാണു മൊഹാലിയിലേക്കു മാറ്റിയത്.



