റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം ഓണക്കൂറിന്

December 31, 2021 - 11:48 am

ന്യൂഡല്‍ഹി: മികച്ച മലയാളകൃതിക്കുള്ള 2021ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം ജോര്‍ജ് ഓണക്കൂറിന്. ഹൃദയരാഗങ്ങള്‍ എന്ന ആത്മകഥയ്ക്കാണ് ഒരു ലക്ഷം രൂപയും ഫലകവും അടങ്ങുന്ന പുരസ്‌കാരം.ബാലസാഹിത്യ പുരസ്‌കാരം രഘുനാഥ് പലേരിക്കാണ്. ”അവര്‍ മൂവരും ഒരു മഴവില്ലും” എന്ന നോവലാണ് 50,000 രൂപയും ഫലകവും അടങ്ങുന്ന പുരസ്‌കാരം നേടിയത്. ”ജക്കരാന്ത” എന്ന നോവലിന് മോബിന്‍ മോഹന്‍ യുവ പുരസ്‌കാരം നേടി. 50,000 രൂപയും ഫലകവുമാണു പുരസ്‌കാരം.കെ.പി. രാമനുണ്ണി, ഡോ. കെ.എസ്. രവികുമാര്‍, ഡോ. എം.ലീലാവതി എന്നിവരടങ്ങിയ ജൂറിയാണു സാഹിത്യ അക്കാദമി പുരസ്‌കാരം നിര്‍ണയിച്ചത്. കെ.ജി. പൗലോസ്, ജി. മധുസൂദനന്‍, പി.കെ. ഗോപി എന്നിവരായിരുന്നു മലയാളം വിഭാഗത്തില്‍ ബാലസാഹിത്യ പുരസ്‌കാരത്തിന്റെ ജൂറി.നോവലിസ്റ്റ്, ചെറുകഥാകൃത്ത് എന്നീ നിലകളിലും പ്രശസ്തനായ ജോര്‍ജ് ഓണക്കൂര്‍ സാഹിത്യ വിമര്‍ശനം, യാത്രാവിവരണം എന്നീ മേഖലകളിലും അടയാളമിട്ടു. ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെയും സംസ്ഥാന സര്‍വ വിജ്ഞാനകോശം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെയും ഡയറക്ടറായിരുന്നു. സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ നോണ്‍ ഒഫീഷ്യല്‍ ചെയര്‍മാനായും പ്രവര്‍ത്തിച്ചു. അകലെ ആകാശം, ഉള്‍ക്കടല്‍, ഉഴവുചാലുകള്‍, ഇല്ലം, എഴുതാപ്പുറങ്ങള്‍, കല്‍ത്താമര, കാമന, പ്രണയതാഴ്വരയിലെ ദേവദാരു, ജോര്‍ദാന്‍ ഒഴുകുന്നത് എവിടേക്ക്, പര്‍വതങ്ങളിലെ കാറ്റ്, സമതലങ്ങള്‍ക്കപ്പുറം, ഹൃദയത്തില്‍ ഒരു വാള്‍ ഒലിവുമരങ്ങളുടെ നാട്ടില്‍, ഇവര്‍ എനിക്കാരായിരുന്നു തുടങ്ങിയവയാണു പ്രധാന കൃതികള്‍ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം, ജവാഹര്‍ലാല്‍ നെഹ്റു പുരസ്‌കാരം, കേശവദേവ് ജന്മശതാബ്ദി പുരസ്‌കാരം, തകഴി സാഹിത്യ അവാര്‍ഡ്, മദര്‍ തെരേസ അവാര്‍ഡ്, കെ.സി.ബി.സി. അവാര്‍ഡ്, സി. അച്യുതമേനോന്‍ അവാര്‍ഡ്, എസ്.ബി.ടി. സുവര്‍ണ മുദ്ര പുരസ്‌കാരം തുടങ്ങിയവ നേടിയിട്ടുണ്ട്.
.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *