ചെന്നൈ: മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി വധക്കേസില്‍ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന ഏഴ് പ്രതികളില്‍ ഒരാളായ നളിനി ശ്രീഹരന് പരോള്‍ അനുവദിക്കുന്നത് പരിഗണനയിലാണെന്ന് തമിഴ്‌നാട് സര്‍ക്കാര്‍ മദ്രാസ് ഹൈക്കോടതിയെ അറിയിച്ചു. നളിനിയുടെ അമ്മ പത്മയുടെ ഹരജി ജസ്റ്റിസുമാരായ പി എന്‍ പ്രകാശ്, ആര്‍ ഹേമലത എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ച് പരിഗണിക്കവെയാണ് പബ്ലിക് പ്രോസിക്യൂട്ടര്‍ മുഹമ്മദ് ഹസന്‍ ജിന്ന ഇക്കാര്യം കോടതിയെ അറിയിച്ചത്. താന്‍ വിവിധ രോഗങ്ങളാല്‍ ബുദ്ധിമുട്ടുകയാണെന്നു മകള്‍ അടുത്ത് വേണമെന്നുണ്ടെന്നും പത്മ തന്റെ ഹരജിയില്‍ പറയുന്നു. മകള്‍ക്ക് ഒരു മാസത്തെ പരോള്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാരിന് നിവേദനം നല്‍കിയെങ്കിലും ഫലമുണ്ടായില്ലെന്നും ഹരജിയില്‍ പറയുന്നു.ഹരജി സര്‍ക്കാരിന്റെ പരിഗണനയിലാണെന്നും ഇക്കാര്യത്തില്‍ തീരുമാനം അറിയിക്കാന്‍ കുറച്ചുകൂടി സമയം അനുവദിക്കണമെന്നും ജിന്ന കോടതിയോട് ആവശ്യപ്പെട്ടു. ആവശ്യം പരിഗണിച്ച കോടതി മൂന്ന് ദിവസത്തെ സമയം അനുവദിച്ചു. 23-ാം തീയതി ഹരജി വീണ്ടും പരിഗണിക്കും



