ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ്: സിന്ധു ക്വാര്‍ട്ടറില്‍

ഹുയെല്‍വ (സ്പെയിന്‍): ബി.ഡബ്യു.എഫ്. വേള്‍ഡ് ചാമ്പ്യന്‍ഷിപ്പില്‍ നിലവിലെ ചാമ്പ്യന്‍ ഇന്ത്യയുടെ പി.വി. സിന്ധു ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു.ബാഡ്മിന്റണ്‍ വനിതാ സിംഗിള്‍സില്‍ തായ്ലന്‍ഡിന്റെ പോണ്‍പാവീ ചോചുവോങിനെയാണു സിന്ധു തോല്‍പ്പിച്ചത്. നേരിട്ടുള്ള ഗെയിമുകള്‍ക്കായിരുന്നു ഇന്ത്യന്‍ താരത്തിന്റെ ജയം. സ്‌കോര്‍: 21-14, 21-18.തായ് താരത്തിന്റെ പോരാട്ടം കഷ്ടിച്ച് 48 മിനിറ്റ് നീണ്ടു. ചോചുവോങിനെതിരേ നടന്ന എട്ടു മത്സരങ്ങളില്‍ അഞ്ചിലും സിന്ധുവാണു ജയിച്ചത്. ലോക ഒന്നാം നമ്പര്‍ ചൈനീസ് തായ്പേയുടെ തായ് ടിസു യിങാണ് സിന്ധുവിനെ ക്വാര്‍ട്ടറില്‍ നേരിടുക. സ്‌കോട്ടലന്‍ഡിന്റെ കിര്‍സ്റ്റി ഗില്‍മോറിനെയാണു യിങ് പ്രീ ക്വാര്‍ട്ടറില്‍ തോല്‍പ്പിച്ചത്. സ്‌കോര്‍: 21-10, 19-21, 21-11.ഒന്നാം റൗണ്ടില്‍ ബൈ ലഭിച്ച സിന്ധു സ്ലോവാക്യയുടെ മാര്‍ട്ടിന റെപിസ്‌കയെയാണു രണ്ടാം റൗണ്ടില്‍ തോല്‍പ്പിച്ചത്. പുരുഷ സിംഗിള്‍സില്‍ മലയാളി താരം എച്ച്.എസ്. പ്രണോയ് മുന്നേറ്റം തുടര്‍ന്നു. മലേഷ്യയുടെ ഡാരന്‍ ലീവിനെ തോല്‍പ്പിച്ച പ്രണോയ് പ്രീ ക്വാര്‍ട്ടറിലെത്തി. ചൈനയുടെ ലു ഗുയാങ്സുവിനെ തോല്‍പ്പിച്ച് കിഡംബി ശ്രീകാന്ത് ക്വാര്‍ട്ടറിലെത്തി. നേരിട്ടുള്ള ഗെയിമുകള്‍ക്കായിരുന്നു ശ്രീകാന്തിന്റെ ജയം. സ്‌കോര്‍: 21-10, 21-15. ഹോളണ്ടിന്റെ മാര്‍ക് കാലിജുവാണു ക്വാര്‍ട്ടറിലെ എതിരാളി.

Share
അഭിപ്രായം എഴുതാം