നെടുമങ്ങാട് : കോടതിയില്‍ സാക്ഷിപറഞ്ഞതിന്റെ പേരില്‍ വീട്ടില്‍ കയറി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ കുപ്രസിദ്ധ ഗുണ്ട അറസ്റ്റിലായി. വലിയമല മുതിയന്‍കാവ് സ്വദേശി കണ്ണന്‍ എന്നുവിളിക്കുന്ന സജിത് രാജ്(31) ആണ് അറസ്റ്റിലായത്. 2021 ഡിസംബര്‍ 13 ചൊവ്വാഴ്‌ച രാത്രി 11 മണിയോടെയായിരുന്നു കേസിനാസ്‌പദമായ സംഭവം. മുതിയന്‍കാവ് സ്വദേശിയുടെ വീട്ടില്‍ കയറിയാണ് സജിത് രാജും പട്ടാളം ബൈജുവും ചേര്‍ന്ന് മാരകായുങ്ങളുമായി അക്രമം അഴിച്ചുവിട്ടത്.
വീടിന്റെ പുറകുവശത്തെ വാതില്‍ ചവിട്ടി തുറന്ന് കയറിയ പ്രതികള്‍ സ്‌ത്രീകളെ ഉപദ്രവിക്കുകയും വീട്ടുടമയെ വെട്ടുകത്തികൊണ്ട് വെട്ടാന്‍ ശ്രമിക്കുകയും ചെയ്‌തു. ബഹളം കേട്ട് സമീപവാസികള്‍ ഓടിവന്നതോടെ ഇവര്‍ ആയുധം ഉപേക്ഷിച്ച് ഓടി രക്ഷപെടുകയായിരുന്നു. തുടര്‍ന്ന് വലിയമല പോലീസില്‍ പരാതി നല്‍കി.
സിഐ ശ്രീജിത്തിന്റെ നേതൃത്വേത്തില്‍ എസ്.ഐമാരായ ഷിഹാബുദ്ദീന്‍,വേണു ,സിപിഒമാരായ സനല്‍രാജ്, രജിത് എന്നിവര്‍ ചേര്‍ന്നാണ് സജിത് രജിനെ പിടികൂടിയത്. വലിയമല , പാലോട് പോലീസ് സ്‌റ്റേഷനുകളിലായി ഇയാള്‍ക്കെതിരെ 9 കേസുകളുണ്ട്. സജിത് രാജിന്റെ കയ്യില്‍നിന്നും പ്രത്യേകതരം മൂര്‍ച്ചയുളള ആയുധം പോലീസ് കണ്ടെത്തി. ഇയാളുടെ കൂടെയുണ്ടായിരുന്ന പട്ടാളം ബൈജുവിന് വേണ്ടി അന്വേഷണം ഊര്‍ജ്ജിതമാക്കി.



