ജോലി വാഗ്ദാനം ചെയ്ത് കോടികൾ തട്ടിച്ച കേസിൽ രണ്ടുപേർകൂടി പിടിയിലായി

മൂവാറ്റുപുഴ: പോളണ്ടിൽ ജോലി വാഗ്ദാനം ചെയ്ത് ഉദ്യോഗാർഥികളിൽനിന്ന് പണം തട്ടിയ അഡോണ വ്യാജ റിക്രൂട്ട്‌മെന്റ് കേസിൽ രണ്ട് പ്രതികൾ കൂടി പിടിയിൽ. ഇടുക്കി കുടയത്തൂർ കൈപ്പ ഭാഗത്ത് വളവനാട്ട് വീട്ടിൽ അനീഷ് (40), ഇളംദേശം പൂച്ചവളവ് ഭാഗത്ത് പുളിക്കൽ വീട്ടിൽ സനീഷ്‌മോൻ ഡാനിയേൽ (37) എന്നിവരാണ് പിടിയിലായത്. പോളണ്ടിൽ ജോലി വാഗ്ദാനം നൽകുകയും സംസ്ഥാനത്ത് ഉടനീളം പത്രപ്പരസ്യം നൽകി ഉദ്യോഗാർഥികളെ വഞ്ചിച്ച് പണം തട്ടുകയും ചെയ്തുവെന്ന കേസിൽ മുവാറ്റുപുഴ പോലീസ് ആണ് ഇവരെ പിടികൂടിയത്.

തട്ടിപ്പ് നടത്തിയ പ്രതികൾ ആർഭാടജീവിതം നയിച്ചുവരികയായിരുന്നു. എറണാകുളം ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപവത്കരിച്ച് അന്വേഷണം നടത്തുന്നതിനിടയിലാണ് പ്രതികൾ പിടിയിലാകുന്നത്. സംസ്ഥാനത്താകെ നൂറിലേറെ ഉദ്യോഗാർഥികൾ ഇവരുടെ തട്ടിപ്പിന് ഇരയായിട്ടുണ്ട്. കോടികളാണ് ഇവർ തട്ടിച്ചെടുത്തത്.

മൂവാറ്റുപുഴ ഇൻസ്പെക്ടർ സിജെ മാർട്ടിൻ, എസ്‌ഐ വി.കെ. ശശികുമാർ, എ.എസ്.ഐ. സുനിൽ സാമുവൽ, രാജേഷ് സി.എം, ജോജി.പി.എസ് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. കേസിലെ മറ്റൊരു പ്രതിയെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

Share
അഭിപ്രായം എഴുതാം