ആലപ്പുഴ: ജില്ലാ നിയമ സേവന അതോറിറ്റി ജില്ലയിലെ എല്ലാ കോടതി കേന്ദ്രങ്ങളിലും ഡിസംബര്‍ 11ന് രാവിലെ 10 മുതല്‍ ദേശീയ- ലോക് അദാലത്ത് നടത്തും.
നിലവില്‍ കോടതികളുടെ പരിഗണനയിലുള്ളതും ഒത്തുതീര്‍പ്പാക്കാവുന്നതുമായ കേസുകള്‍, വാഹനാപകട നഷ്ടപരിഹാര കേസുകള്‍, ബാങ്കുകള്‍ സമര്‍പ്പിച്ച വായ്പ കുടിശിക സംബന്ധിച്ച കേസുകള്‍, കെ.എസ്.ഇ.ബി, ജല അതോറിറ്റി, ബി.എസ്.എന്‍.എല്‍, സ്വകാര്യ മൊബൈല്‍ കമ്പനികള്‍, തൊഴില്‍ വകുപ്പ് എന്നിവര്‍ സമര്‍പ്പിച്ച കേസുകള്‍, രജിസ്ട്രേഷന് വകുപ്പ് സമര്‍പ്പിച്ച അണ്ടര്‍ വാല്യൂവേഷന്‍ സംബന്ധിച്ച കേസുകള്‍, ഏതെങ്കിലും കോടതിയുടെ പരിധിയില്‍ വരാവുന്നതും നിയമപ്രകാരം ഒത്തുതീര്‍പ്പാക്കാവുന്നതുമായ തര്‍ക്കങ്ങള്‍ എന്നിവ അദാലത്തില്‍ പരിഗണിക്കും.
കുറ്റസമ്മതം നടത്തി പിഴ ഒടുക്കി തീര്‍പ്പാക്കാവുന്ന കേസുകളും ഉള്‍പ്പെടുത്തുന്നതാണ്. അദാലത്തിലെ ഒത്തുതീര്‍പ്പ് അന്തിമവും കോടതികളില്‍ അപ്പീല്‍ ഇല്ലാത്തതുമാണ്. കോടതിയില്‍ നിലവിലുള്ള കേസുകള്‍ ലോക് അദാലത്തില്‍ ഒത്തുതീര്‍പ്പായാല്‍ അടച്ച കോര്‍ട്ട് ഫീസ് തിരികെ ലഭിക്കും. അദാലത്തില്‍ പങ്കെടുത്ത് അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് പ്രിന്ന്സിപ്പല് ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് ജഡ്ജിയും ജില്ലാ നിയമ സേവന അതോറിറ്റി ചെയര്‍പേഴ്സണുമായ കെ. സുജാത അറിയിച്ചു.

