യുട്യൂബ് നോക്കി പ്രസവം : പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ അയൽവാസി അറസ്റ്റിൽ

മലപ്പുറം: പീഡനത്തിനിരയായ പതിനേഴുകാരി ആരുമറിയാതെ വീട്ടിൽ പ്രസവിച്ചു. യു ട്യൂബ് വീഡിയോ നോക്കിയാണ് പരസഹായമില്ലാതെ പ്ലസ് ടു വിദ്യാർഥിനി പ്രസവിച്ചത്. പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ അയൽവാസിയെ പൊലീസ് അറസ്റ്റ് ചെയ്തു.

മലപ്പുറം കോട്ടക്കലിലാണ് സംഭവം. 2021 ഒക്ടോബർ മാസം 20നാണ് വീട്ടുകാരറിയാതെ പെൺകുട്ടി മുറിയിൽ പ്രസവിച്ചത്. മൂന്നുദിവസത്തിന് ശേഷമാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പെൺകുട്ടിയുടെയും കുഞ്ഞിന്റെയും ആരോഗ്യനില തൃപ്തികരമാണ്.

ഗർഭം മറച്ചുവെച്ച പെൺകുട്ടി യുട്യൂബിൽ നോക്കിയാണ് ഗർഭകാല പരിചരണവും പ്രസവമെടുക്കലും നടത്തിയത്. പൊക്കിൾ കൊടി മുറിക്കലടക്കമുള്ള വിവരങ്ങൾ യൂട്യൂബിൽ നിന്നാണ് പഠിച്ചത്. വീട്ടുകാർ പോലും അറിയാതെയാണ് എല്ലാം നടന്നെതെന്നാണ് അധികൃതർ നൽകുന്ന വിവരം. കഴിഞ്ഞ ദിവസമാണ് സംഭവം പുറത്തിറഞ്ഞത്. ഇതേ തുടർന്ന് കുട്ടിയേയും കുഞ്ഞിനേയും മഞ്ചേരി മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കുകയായിരുന്നു.

കൊവിഡ് കാലമായതിനാൽ കുട്ടി പുറത്തിറങ്ങാറില്ലായിരുന്നു. അയൽവാസിയായ യുവാവുമായി വിദ്യാർഥിക്ക് പ്രണയമുണ്ടായിരുന്നു. സംഭവമറിഞ്ഞ് കോട്ടയ്ക്കൽ പൊലീസ് പോക്‌സോ വകുപ്പ് പ്രകാരമാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. ചൈൽഡ് ലൈൻ പ്രവർത്തകരും അന്വേഷണമാരംഭിച്ചിട്ടുണ്ട്. യുട്യൂബ് വഴി ലഭിച്ച വിവരമാണ് പ്രസവവും മറ്റും നടത്താൻ സഹായകമായതെന്ന് പെൺകുട്ടി തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്.

അതേസമയം കുട്ടി രണ്ട് തവണ കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയതായും സൂചനയുണ്ട്. കുട്ടി ഗർഭിണിയാണെന്ന വിവരം അറിഞ്ഞിട്ടും ബന്ധപ്പെട്ടവരെ അറിയിച്ചില്ലെന്ന കുറ്റവും യുവാവിനെതിരെ ചുമത്തുമെന്നാണറിയുന്നത്. കാഴ്ച്ച പരിമിതിയുള്ള ആളാണ് മാതാവ്. പിതാവ് സ്വകാര്യ സ്ഥാനത്തിലെ സുരക്ഷാ ജീവനക്കാരനാണ്. ഈ അനുകൂല സാഹചര്യമാകാം കുട്ടിയെ പീഡിപ്പിക്കുന്നതിന് കാരണമായെതെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.

Share
അഭിപ്രായം എഴുതാം