ഒരാഴ്‌ചത്തെ അന്വേഷണത്തിനൊടുവില്‍ വയോധികയെ കണ്ടെത്തി

കോടഞ്ചേരി : ഒരാഴ്‌ച നീണ്ടുനിന്നി തെരച്ചിലിനൊടുവില്‍ കാണാതായ വയോധികയെ കണ്ടെത്തി. വേങ്ങത്താനത്ത്‌ ഏലിയാമ്മ (78) ആണ്‌ കാണാതായത്‌. കോടഞ്ചേരി തേവര്‍മലയിലെ കടുവാപൊത്തിന്‌ സമീപത്തുനിന്നാണ്‌ 2021 ഒക്ടോബര്‍ 2 ശനിയാഴ്‌ച ഉച്ചയോടെ ഏലിയാമ്മയെ കണ്ടെത്തുന്നത്‌. ഒരാഴ്‌ചമുമ്പ്‌ വൈകിട്ട്‌ നാലുമണിയോടെ ഇവരെ വീട്ടില്‍ നിന്നും കാണാതാവുകയായിരുന്നു.

പോലീസും ഡോഗ്‌ സ്‌ക്വാഡും നാട്ടുകാരും പ്രദേശത്ത്‌ തെരച്ചില്‍ നടത്തിയിരുന്നെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ കടുവയുടെ കാല്‍പ്പാടുകള്‍ കണ്ടെത്തിയിരുന്നതിനാല്‍ നാട്ടുകാര്‍ ഭീതിയിലായിരുന്നു. ആ സാഹചര്യത്തിലാണ്‌ ഏലിയാമ്മയെ കാണാതാവുന്നത്‌. നാട്ടുകാരും പോലീസും, കോടഞ്ചേരിയിലും സമീപത്തും ഉളള സന്നദ്ധ സംഘടനകളും അടങ്ങിയ സംഘം ഒക്ടോബര്‍ 2 ശനിയാഴ്‌ച നടത്തിയ തെരച്ചിലിലാണ്‌ വീട്ടില്‍ നിന്നും അല്‌പം മാറി തേവര്‍ മലയിലെ പാറക്കൂട്ടങ്ങള്‍ക്കിടയില്‍ ഇവരെ കണ്ടെത്തിയത്‌. ഇവരെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. ഇവര്‍ക്ക്‌ കാര്യമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഇല്ല. പ്രദേശവാസികളായ ഹോളിജോസഫ്‌ തിരുമല, ഷിബു വെട്ടുകല്ലുംപുറം, ബാബു വേലിക്കകത്ത്‌ അജേഷ്‌ തോട്ടത്തില്‍ കടവ്‌, നൗഫല്‍ മല്ലശേരി എന്നിവരാണ്‌ വരെ കണ്ടെത്തിയത്‌.

തെരച്ചിലില്‍ പങ്കെടുത്തവരെ കോടഞ്ചേരി ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ അനുമോദിച്ചു. പ്രസിഡന്റ് അലക്‌സ്‌ തോമസ്‌ ചെമ്പശേരി അദ്ധ്യക്ഷനായിരുന്നു. കോടഞ്ചേരി പോലീസ്‌ ,നാട്ടുകാര്‍, കര്‍മസേന മുറംപാത്തി, എന്റെ മുക്കം, ടാസ്‌ക്‌ ഫോഴ്‌സ്‌ കോടഞ്ചേരി എന്നിവരാണ്‌ തിരച്ചിലിന്‌ നേതൃത്വം നല്‍കിയത്‌. ലിസ്‌ ചാക്കോ, ജോസ്‌ പെരുമ്പളളി, സിബി ചിരണ്ടായത്ത്‌ , റിയാനസ്‌ സുബൈര്‍, വാസുദേവന്‍ ഞാറ്റുകാലായില്‍, ചാള്‍സ്‌ തയ്യില്‍, രാജു തേന്മല, കോടഞ്ചേരി എ.സ്‌ഐ കെസി അഭിലാഷ്‌, പോലീസ്‌ ഓഫീസര്‍മാരായ സിസി സാജു. സലീം മുട്ടത്ത്‌ എന്നിവര്‍ സംസാരിച്ചു.

Share
അഭിപ്രായം എഴുതാം