പാലിയേക്കരയിൽ ദേശീയപാത നിര്‍മാണത്തിന് ചെലവായ തുകയിലും അധികം ടോള്‍ പിരിച്ചു; ഹൈക്കോടതി നോട്ടീസയച്ചു

കൊച്ചി: പാലിയേക്കര ടോള്‍ പിരിവിനെതിരെ സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയില്‍ എതിര്‍ കക്ഷികള്‍ക്ക് ഹൈക്കോടതി നോട്ടീസയച്ചു. ദേശീയപാത നിര്‍മാണത്തിന് ചെലവായ തുകയിലും അധികം ടോള്‍ പിരിച്ചതിനെതിരെ ആണ് ഹര്‍ജി.

തൃശൂരിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ഷാജി കോടങ്കണ്ടത്ത്, ടി.ജെ സനീഷ് കുമാര്‍ എന്നിവരാണ് ഹര്‍ജി നല്‍കിയത്. കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍, ദേശീയപാതാ അതോറിറ്റി, ടോള്‍ കമ്പനി എന്നിവര്‍ക്കാണ് ഹൈക്കോടതി നോട്ടീസയച്ചത്.

2020 ജൂണ്‍ വരെയുള്ള കണക്ക് മാത്രം പരിശോധിച്ചാല്‍ കമ്പനി 801 കോടി രൂപയാണ് പിരിച്ചത്. എന്നാല്‍ ദേശീയപാതയുടെ നിര്‍മാണച്ചെലവ് 721 കോടിയാണ്.

നിര്‍മാണച്ചെലവ് ലഭിച്ചാല്‍ ടോള്‍ സംഖ്യയുടെ 40 ശതമാനം കുറയ്ക്കാന്‍ കരാര്‍ കമ്പനി ബാധ്യസ്ഥരാണ്. നേരത്തെ ഇതേ വിഷയത്തില്‍ ഇവര്‍ സുപ്രിംകോടതിയെ സമീപിച്ചിരുന്നു. സുപ്രിംകോടതി നിര്‍ദേശപ്രകാരമാണ് കേസ് ഹൈക്കോടതിയിലേക്ക് തന്നെ എത്തിയത്. പാലിയേക്കര ടോള്‍ പിരിവ് ഉടനെ അവസാനിപ്പിക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. 2012 ഫെബ്രുവരിയിലാണ് മണ്ണൂത്തി, ഇടപ്പള്ളി ദേശീയപാതയില്‍ ടോള്‍ പിരിവ് ആരംഭിച്ചത്.

Share
അഭിപ്രായം എഴുതാം