കോഴിക്കോട്: കോഴിക്കോട് നഗരത്തിൽ യുവാവിനെ ആക്രമിച്ച് ഒരു കിലോയിലധികം സ്വർണം കവർന്നു. പോലീസ് സംഘത്തിനായി തെരച്ചിൽ ഊർജിതമാക്കി 2021 സെപ്തംബർ 20 ന് രാത്രിയാണ് ബംഗാൾ സ്വദേശിയായ സ്ഥാപന ഉടമയെ ബൈക്കിലെത്തിയ സംഘം ആക്രമിച്ച് കവർച്ച നടത്തിയത്. കോഴിക്കോട് തളിക്ഷേത്രത്തിന് സമീപത്ത് വെച്ച് രാത്രി പത്ത് മണിയോടെയായിരുന്നു സംഭവം. നഗരത്തിലെ സ്വർണം ഉരുക്കുന്ന കടയുടെ ഉടമയായ ബംഗാൾ സ്വദേശി റംസാൻ അലിയെയാണ് നാല് ബൈക്കുകളിലായെത്തിയ എട്ടംഗ സംഘം ആക്രമിച്ചത്.
നഗരത്തിലെ ജ്വല്ലറിയിലേക്കായി തയാറാക്കിയ സ്വർണ കട്ടികൾ ഇയാൾ ഉരുക്കുശാലയിൽനിന്നും താമസസ്ഥലത്തേക്ക് കൊണ്ടുപോകുകയായിരുന്നു.തന്നെ ചവുട്ടി വീഴ്ത്തിയ സംഘം പോക്കറ്റിൽ പൊതിഞ്ഞു സൂക്ഷിച്ചിരുന്ന 1.2 കിലോ സ്വർണ കട്ടികൾ കവരുകയായിരുന്നുഎന്ന് റംസാൻ അലി പറഞ്ഞു.
രാവിലെ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. സമീപത്തെ കടകളിലെ സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചു. പ്രതികൾക്കായി തിരച്ചിൽ തുടരുകയാണെന്ന് ടൗൺ എസിപി അറിയിച്ചു. സ്വർണവുമായി വ്യാപാരി വരുന്ന വിവരം കവർച്ചാ സംഘത്തിന് നേരത്തെ ലഭിച്ചിരുന്നുവെന്നാണ് പോലീസിന്റെ നിഗമനം



