കോട്ടയം: ഹൃദയം തുറക്കാതെ ഹൃദയ വാൽവ് മാറ്റിവയ്ക്കൽ ചികിത്സാ രീതി കോട്ടയം കാരിത്താസ് ആശുപത്രിയിൽ വിജയകരമായി പൂർത്തിയാക്കി.
രോഗികളിൽ വളരെ അപൂർവമായി മാത്രം കണ്ടുവരുന്ന ബികസ്പിഡ് അയോർട്ടിക് വാൽവ് എന്ന അവസ്ഥയിൽ ഉണ്ടായിരുന്ന കുറവിലങ്ങാട് സ്വദേശി ആന്റണി വി.ജെ എന്ന എഴുപതുകാരനിൽ ഹൃദയം തുറക്കാതെ തന്നെ ചുരുങ്ങിയ ഹൃദയവാൽവിന് പകരം പുതിയ വാൽവ് ഘടിപ്പിച്ചായിരുന്നു മധ്യ കേരളത്തിൽ ആദ്യമായി ഈ സാങ്കേതികവിദ്യ(ട്രാൻസ്‌കത്തീറ്റർ അയോർട്ടിക് വാൽവ് ഇംപ്ലാന്റേഷൻ) കാരിത്താസ് വിജയകരമായി നടപ്പിലാക്കിയത്.
മൂന്ന് ദിവസത്തിനുള്ളിൽ രോഗി പൂർണ ആരോഗ്യവാനായി ആശുപത്രിവിട്ടു.
ഡോ.ദീപക് ഡേവിഡ്‌സൺ, ഡോ. ജോണി ജോസഫ്, ഡോ. രാജേഷ് എം രാമൻകുട്ടി, ഡോ. നിഷ പാറ്റാനി ഡോ. ജോബി കെ തോമസ്, ഡോ. തോമസ് ജോർജ്, ഡോ. ഗൗതം രാജൻ, ഡോ. ഹെൻലി പി. ആൻഡ്രൂസ്, ഡോ. ജോൺ മാത്യു എന്നിവരടങ്ങുന്ന വിദഗ്‌ദ്ധ സംഘമാണ്, വിജയകരമായ ഈ സങ്കീർണ്ണ ഉദ്യമത്തിന് പിന്നിൽ പ്രവർത്തിച്ചത്.
ഹൃദയത്തിലെ പ്രധാന വാൽവായ അയോർട്ടിക് വാൽവ് ചുരുങ്ങിയ അവസ്ഥയിലുള്ള രോഗികളിൽ ഹൃദയം തുറന്നുള്ള ശസ്ത്രക്രിയ ഒഴിവാക്കി രോഗിയുടെ തുടയിലെ ധമനിയിലുടെ വാൽവ് ഘടിപ്പിച്ച കാതീറ്റർ കടത്തിവിട്ട് പഴയ വാൽവിനു പകരമായി പിടിപ്പിക്കുന്ന സാങ്കേതിക വിദ്യയാണ് ട്രാൻസ്‌കത്തീറ്റർ അയോർട്ടിക് വാൽവ് ഇംപ്ലാന്റേഷൻ.
ഈ സാങ്കേതികതയുടെ ഏറ്റവും പ്രധാനപ്പെട്ട ഗുണഫലം, ഇതിനായി ഹൃദയം നിർത്തേണ്ട ആവശ്യമില്ല എന്നതാണ്, അതിനാൽ ഹൃദയ-ബൈപാസ് ആവശ്യമായി വരില്ല, ഇത് രോഗിയുടെ നെഞ്ചിൽ വലിയ മുറിവുണ്ടാക്കുന്നത് ഒഴിവാക്കുകയും വേഗത്തിൽ സുഖ-പ്രാപ്തി സാധ്യമാക്കുകയും ചെയ്യുന്നു.
ശസ്ത്രക്രിയ ബുദ്ധിമുട്ടുള്ളതോ അപകടസാധ്യതയുള്ളതോ ആയ ആളുകൾക്ക് ശസ്ത്രക്രിയ പോലെ ഈ സാങ്കേതികത ഫലപ്രദമാകുമെന്ന് ഇതുമായി ബന്ധപ്പെട്ട ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു.
മുൻകാലങ്ങളിൽ 30 ലക്ഷത്തിലധികം ചെലവ് വരുമായിരുന്ന ഈ ചികിത്സ എപ്പോൾ 15 ലക്ഷത്തോളം ചെലവിൽ നമ്മുടെ നാട്ടിൽ ചെയ്തുവരുന്നുണ്ടെന്നും ഇന്ത്യയിൽ പ്രചാരമേറിവരുന്ന ഈ ഉപാധി വാൽവ് ചുരുങ്ങുന്ന രോഗവസ്ഥയിലൂടെ കടന്ന് പോകുന്ന രോഗികൾക്ക് ഒരു പ്രതീക്ഷ കൂടിയാണെന്നും കാരിത്താസ് ആശുപത്രി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.




