റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: മന്ത്രിമാരുടെ പരിശീലനം 20 മുതൽ; മൂന്നു ദിവസങ്ങളിലായി 10 സെഷനുകൾ

September 17, 2021 - 3:16 pm

തിരുവനന്തപുരം: സംസ്ഥാനത്തെ മന്ത്രിമാർക്ക് ഐ. എം. ജിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന പരിശീലന പരിപാടി 20ന് ആരംഭിക്കും. രാവിലെ 9.30ന് മുഖ്യമന്ത്രി പിണറായി വിജയൻ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്യും. മൂന്നു ദിവസത്തെ പരിശീലനത്തിൽ പത്ത് സെഷനുകളാണുള്ളത്. ഭരണസംവിധാനത്തെക്കുറിച്ച് കൂടുതൽ അറിയുക, ദുരന്തവേളകളിൽ നേതൃത്വം അഭിമുഖീകരിക്കുന്ന വെല്ലുവിളികൾ, മന്ത്രിയെന്ന ടീം ലീഡർ തുടങ്ങിയ സെഷനുകളാണ് ആദ്യ ദിനം. മുൻ കാബിനറ്റ് സെക്രട്ടറി കെ. എം. ചന്ദ്രശേഖറാണ് ഭരണസംവിധാനത്തെക്കുറിച്ച് വിശദീകരിക്കുക. ദുരന്തനിവാരണ വേളകളിലെ വെല്ലുവിളികളെക്കുറിച്ച് യു. എൻ ദുരന്ത ലഘൂകരണ വിഭാഗം ചീഫ് ഡോ. മുരളി തുമ്മാരുകുടി ആശയവിനിമയം നടത്തും. തുടർന്ന് ഒരു ടീമിനെ നയിക്കുന്നത് സംബന്ധിച്ച് ഐ. ഐ. എം മുൻ പ്രൊഫസറും മാനേജീരിയൽ കമ്മ്യൂണിക്കേഷൻ കൺസൾട്ടന്റുമായ പ്രൊഫ. മാത്തുക്കുട്ടി എം. മോനിപ്പള്ളി സംസാരിക്കും.

21ന് രാവിലെ ആദ്യ സെഷനിൽ പദ്ധതികൾ നടപ്പാക്കുന്നതിലെ വെല്ലുവിളികളെക്കുറിച്ച് നീതി ആയോഗ് സി. ഇ. ഒ അമിതാഭ് കാന്ത് സംസാരിക്കും. ഇതിനു ശേഷം മന്ത്രിമാരുടെ ഉയർന്ന പ്രകടനത്തെ സംബന്ധിച്ച് ഇൻഫോസിസ് സഹസ്ഥാപകൻ എസ്. ഡി. ഷിബുലാൽ ഓൺലൈനിൽ സംവദിക്കും. ഫണ്ടിംഗ് ഏജൻസികളെക്കുറിച്ചും പദ്ധതി ഘടനകളെക്കുറിച്ചും ലോകബാങ്ക് മുഖ്യ മൂല്യനിർണയ വിദഗ്ധയും സംസ്ഥാന സർക്കാരിന്റെ മുൻ ജെൻഡർ ഉപദേശകയുമായ ഡോ. ഗീതാഗോപാൽ സംസാരിക്കും. മന്ത്രിമാരും ഉദ്യോഗസ്ഥരും തമ്മിലുള്ള ബന്ധത്തെക്കുറിച്ചാണ് ഐ. എം. ജി ഡയറക്ടർ കെ. ജയകുമാർ വിശദമാക്കുക.

മാറ്റത്തിനുള്ള ഉപകരണം എന്ന നിലയിൽ ഇ ഗവേണൻസിന്റെ പ്രാധാന്യത്തെക്കുറിച്ച് 22ന് രാവിലെ നടക്കുന്ന സെഷനിൽ കേരള യൂണിവേഴ്സിറ്റി ഓഫ് ഡിജിറ്റൽ സയൻസസ്, ഇന്നൊവേഷൻ ആന്റ് ടെക്നോളജി വൈസ് ചാൻസലർ ഡോ. സജി ഗോപിനാഥ് സംസാരിക്കും. മികച്ച ഫലം ലഭിക്കുന്നതിനായി പ്രചോദനത്തിനുള്ള പ്രാധാന്യത്തെക്കുറിച്ച് കേന്ദ്ര മുൻ സെക്രട്ടറി അനിൽ സ്വരൂപാണ് ആശയവിനിമയം നടത്തുന്നത്. സമൂഹ മാധ്യമങ്ങളിലെ ഒളിഞ്ഞിരിക്കുന്ന അപകടങ്ങളും പുതിയ സാധ്യതകളും എന്ന വിഷയത്തെക്കുറിച്ച് സിറ്റിസൺ ഡിജിറ്റൽ ഫൗണ്ടേഷൻ സ്ഥാപകരായ നിധി സുധനും വിജേഷ് റാമും അവതരിപ്പിക്കുന്ന സെഷനോടെ പരിശീലന പരിപാടി സമാപിക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *