തിരുവനന്തപുരം: പുതിയ പല തലമുറകളിലെ വിപ്ലകാരികൾക്ക് അമ്മയായിരുന്നു മീനാക്ഷി ടീച്ചറെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചന സന്ദേശത്തിൽ പറഞ്ഞു. ധീരതയുടെ പ്രചോദന കേന്ദ്രമായിമായിരുന്നു. കമ്മ്യുണിസ്റ്റ് പ്രസ്ഥാനത്തിന്റെ വിപ്ലവകരമായ പ്രവർത്തനങ്ങളെ വിജയിപ്പിക്കാനുള്ള മഹത്തായ ത്യാഗമായി സ്വന്തം ജീവിതത്തെ തന്നെ മാറ്റിയ ധീരതയാണ് അവരുടേത്.
നിഷ്ഠൂരമായി വധിക്കപ്പെട്ട സഖാവ് അഴീക്കോടൻ രാഘവന്റെ ജീവിത സഖിയായിരുന്നുകൊണ്ട് അദ്ദേഹത്തിന്റെ സമാനതകളില്ലാത്ത വിപ്ലവ പ്രവർത്തനങ്ങൾക്ക് പശ്ചാത്തലം ഒരുക്കിക്കൊടുക്കുന്നതായിരുന്നു ആദ്യ ഘട്ടം. ആ രക്തസാക്ഷി സ്മരണയിൽ പൂർണമായും സ്വയം അർപ്പിച്ച് സി.പി.ഐ.എമ്മിന്റെ ഉയർച്ചയ്ക്കും വളർച്ചയ്ക്കും വേണ്ടി സമർപ്പിക്കപ്പെട്ടതായിരുന്നു ആ ജീവിതത്തിന്റെ രണ്ടാം ഘട്ടം. ഈ ഘട്ടങ്ങളിൽ ഉടനീളം ഈ നാടിനും ജനങ്ങൾക്കും വേണ്ടിയുള്ള പാർട്ടിയുടെ എല്ലാ പോരാട്ടങ്ങൾക്കുമൊപ്പം അവർ നിലകൊണ്ടു. നിർണ്ണായക ഘട്ടങ്ങളിൽ മാർഗ നിർദ്ദേശകമാംവിധം ഇടപെട്ടു.
സാധാരണ ആരും അന്ധാളിച്ചു നിന്നുപോകുന്ന ഘട്ടങ്ങളിൽ കമ്മ്യൂണിസ്റ്റ് ധീരത മനസ്സിൽ ഉറപ്പിച്ചുകൊണ്ട് പ്രതിസന്ധികളെ എങ്ങിനെ അതിജീവിക്കണം എന്നതിന് സ്വന്തം ജീവിതം കൊണ്ട് മാതൃക കാട്ടുകയാണ് മീനാക്ഷി ടീച്ചർ ചെയ്തത്. അത് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് മാത്രമല്ല സമൂഹത്തിനാകെ എല്ലാ കാലത്തേക്കുമുള്ള വലിയ പാഠമാണ്.
വ്യക്തിപരമായി ടീച്ചറുടെ വിയോഗം മൂലം ഉണ്ടായിട്ടുള്ളത് കനത്ത നഷ്ടമാണ്. രാഷ്ട്രീയമായും അത് അപരിഹാര്യമായ നഷ്ടമാണ്. മുതിർന്ന ഒരു കുടുംബാംഗം വിട്ടുപോയതിന്റെ ദുഃഖമാണ് അനുഭവിക്കുന്നത്. സി.പി.ഐ.എമ്മിലെ മിക്കവാറും എല്ലാവർക്കും തന്നെ സമാനമായ നിലയിലുള്ള ദുഃഖമായിരിക്കും ഉണ്ടാവുക.
പ്രചോദനത്തിന്റെയും സമാശ്വാസത്തിന്റെയും അതിജീവനത്തിന്റെയും പാഠങ്ങൾ നിറഞ്ഞതായിരുന്നു മീനാക്ഷി ടീച്ചറുടെ ജീവിതം. അത് വ്യക്തി ജീവിതത്തിലും പൊതുജീവിതത്തിലും ഉൾക്കൊള്ളുക എന്നതാണ് അവർക്കു നൽകാവുന്ന വലിയ ആദരാഞ്ജലി എന്ന് മുഖ്യമന്ത്രി പറഞ്ഞു.