പാലാ ബിഷപ്പിന്റെ പ്രസംഗത്തിനെതിരെ പരസ്യ നിലപാടുമായി സി.എസ്.ഐ സഭ

കോട്ടയം: പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ വിവാദ പ്രസംഗത്തില്‍ നിലപാട് വ്യക്തമാക്കി സി.എസ്.ഐ സഭ. ബിഷപ്പിന്റെ പരാമർശം അദ്ദേഹത്തിന്റെ മാത്രം കാഴ്ചപ്പാടാണ്, അത് തെറ്റോ ശരിയോ എന്ന് പറയേണ്ടത് സര്‍ക്കാരാണെന്ന് ബിഷപ്പ് മലയിൽ സാബു കോശി ചെറിയാൻ പറഞ്ഞു. കോട്ടയം താഴത്തങ്ങാടി ഇമാം ഷംസുദ്ദീൻ മന്നാനിയുമായി ചേര്‍ന്ന് 15/09/21 ബുധനാഴ്ച നടത്തിയ സംയുക്ത വാര്‍ത്താസമ്മേളനത്തിലാണ് ബിഷപ്പിന്റെ പ്രതികരണം.

വ്യക്തികൾ ചെയ്യുന്ന തെറ്റിന് അവർ ഉൾപ്പെട്ടിരിക്കുന്ന മതത്തെ പഴിക്കരുത്. ഇത്തരം പ്രചാരണങ്ങൾക്ക് ഒരു ന്യായീകരണവുമില്ല. എല്ലാ തെറ്റായ പ്രവണതകളെയും മതം നോക്കാതെയാണ് എതിർക്കേണ്ടതെന്നും സി.എസ്.ഐ ബിഷപ്പ് വ്യക്തമാക്കി.

കലക്കവെള്ളത്തിൽ മീൻ പിടിക്കാൻ ആഗ്രഹിക്കുന്നവർ എല്ലായിടത്തും ഉണ്ടാവും. തീവ്രവാദ ചിന്തയുള്ളവർ എല്ലാ സമുദായത്തിലും ഉണ്ടാകും. സംശയങ്ങൾ ഒഴിവാക്കാൻ സർക്കാർ ഇത്തരം കാര്യങ്ങൾ പരിശോധിക്കട്ടെയെന്നും ബിഷപ്പ് കൂട്ടിച്ചേര്‍ത്തു.

അതേസമയം, ബിഷപ്പ് ഹൗസിലേക്കുള്ള പ്രകടനം ഒഴിവാക്കേണ്ടതായിരുന്നുവെന്ന് താഴത്തങ്ങാടി ഇമാം പറഞ്ഞു. പാലായില്‍ നടന്ന പ്രതിഷേധ പരിപാടികളുടെ പശ്ചാത്തലത്തില്‍ ഇന്നലെ ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിൽ സമാധാന യോഗം ചേര്‍ന്നിരുന്നു. പാലായിലെയും ഈരാറ്റുപേട്ടയിലെയും വിവിധ സമുദായ നേതാക്കൾ യോഗത്തില്‍ പങ്കെടുത്തു.

പ്രതിഷേധ പരിപാടികളില്‍ സമുദായ സംഘടനകള്‍ക്ക് പങ്കില്ലെന്ന് നേതാക്കള്‍ വ്യക്തമാക്കി. മത-സാമുദായിക സമാധാന അന്തരീക്ഷം തകര്‍ക്കുന്ന രീതിയിൽ സമൂഹമാധ്യമങ്ങളിൽ നടക്കുന്ന പ്രചാരണങ്ങളെ യോഗം അപലപിച്ചു. ഇത്തരത്തിൽ പ്രചാരണം നടത്തുന്നവർക്കെതിരെ നടപടി സ്വീകരിക്കുമെന്ന്​ പൊലീസ്​ അറിയിച്ചു.

Share
അഭിപ്രായം എഴുതാം