ഇറാഖില്‍ ഐഎസ് ആക്രമണം; 12 മരണം

കിര്‍ക്കുക്: ഇറാഖില്‍ നടന്ന ഐഎസ് ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 12 ആയി. ഇറാഖിലെ വടക്കന്‍ കിര്‍ക്കുക് പ്രവിശ്യയിലാണ് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ ആക്രമണം നടത്തിയത്. തല്‍-അല്‍-സ്റ്റെയ്ഹ് ഗ്രാമത്തിലാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തില്‍ മൂന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

ചെക്‌പോസ്റ്റ് വഴി കടക്കാനുള്ള ഭീകരരുടെ ശ്രമം പോലീസ് തടഞ്ഞതോടെയാണ് ആക്രമണം ഉണ്ടായത്. ചെക്‌പോസ്റ്റിൽ തടഞ്ഞ പോലീസുകാരെ ഭീകരർ കയ്യേറ്റം ചെയ്തു. പോലീസുകാരും പ്രത്യാക്രമണം നടത്തിയതോടെ ഭീകരർ ബോംബ് എറിയുകയായിരുന്നു.

ഐഎസിനെതിരായ പോരാട്ടം അവസാനിച്ചിട്ടില്ലെന്നും പുതിയ ഘട്ടത്തിലേക്ക് കടക്കുകയാണെന്നും യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ ഇറാഖ് പ്രസിഡന്റ് ബര്‍ഹാം സാലിഹിനോട് വ്യക്തമാക്കിയിരുന്നു.

05/09/2021 ഞായറാഴ്ച ഇറാഖിലെ സുരക്ഷാ ഉദ്യോഗസ്ഥർക്ക് നേരെ നടക്കുന്ന രണ്ടാമത്തെ ആക്രമണമാണ് ഇത്. രാവിലെ സുരക്ഷാ സേനയ്‌ക്ക് നേരെ നടത്തിയ ആക്രമണത്തിൽ മൂന്ന് സൈനികർ കൊല്ലപ്പെട്ടിരുന്നു.

Share
അഭിപ്രായം എഴുതാം