മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ട്വന്റി20 ക്രിക്കറ്റിന്റെ 2022 സീസണിന് മുന്നോടിയായി മാറ്റങ്ങള്‍ക്കൊരുങ്ങി ബി.സി.സി.ഐ. രണ്ട് ടീമുകളെക്കൂടി ഉള്‍പ്പെടുത്താനാണ് ഉദ്ദേശിക്കുന്നത്. എട്ട് ടീമുകളാണു നിലവില്‍ കളിക്കുന്നത്. 2000 കോടി രൂപയാണ് ടീമുകളുടെ അടിസ്ഥാനവിലയായി നിശ്ചയിച്ചിരിക്കുന്നതെന്നാണു സൂചന. 10 ടീമുകളാകുന്നതോടെ ഐ.പി.എല്ലില്‍ 74 മത്സരങ്ങളുണ്ടാകും. 5000 കോടി രൂപയിലേറെ സമ്പാദിക്കുകയാണു പുതിയ രണ്ട് ടീമുകളുടെ വരവോടെ ബി.സി.സി.ഐ. ലക്ഷ്യമിടുന്നത്.
2011 സീസണില്‍ കൊച്ചി ടസ്‌കേഴ്സ്, പുനെ വാറിയേഴ്സ് എന്നിവരെ ഉള്‍പ്പെടുത്തിയതോടെ പത്തു ടീമുകളുണ്ടായിരുന്നു. 2011 മോഡലാണു പിന്തുടരുകയെന്നാണു സൂചന. ഹോം, എവേ അടിസ്ഥാനത്തിലായിരിക്കും മത്സരങ്ങള്‍. 2011 സീസണില്‍ ടീമുകളെ രണ്ട് ഗ്രൂപ്പുകളാക്കിയിരുന്നു. അന്ന് 70 ലീഗ് മത്സരങ്ങളും നാല് പ്ലേ ഓഫുകളും കളിച്ചു. ഓരോ ടീമും 14 മത്സരം വീതം കളിച്ചു.



