ആലപ്പുഴ: ഉള്ളി കൃഷി വ്യാപകമാക്കാൻ കഞ്ഞിക്കുഴി ബ്ലോക്ക്‌ പഞ്ചായത്ത്

* മാതൃക ഉള്ളി കൃഷി പദ്ധതി അടുത്തമാസം ആരംഭിക്കും

ആലപ്പുഴ : ഉള്ളി കൃഷി വ്യാപകമാക്കാൻ കഞ്ഞിക്കുഴി ബ്ലോക്ക്‌ പഞ്ചായത്ത്‌. ബ്ലോക്ക് പഞ്ചായത്ത് നടപ്പാക്കുന്ന മാതൃകാ കൃഷിത്തോട്ടം പദ്ധതിയുടെ ഭാഗമായാണ് മാതൃകാ ഉള്ളികൃഷി പദ്ധതി ബ്ലോക്ക് പഞ്ചായത്ത് നടപ്പാക്കുന്നത്. ബ്ലോക്ക് പരിധിയിലെ കഞ്ഞിക്കുഴി, മാരാരിക്കുളം വടക്ക്, തണ്ണീർമുക്കം, കടക്കരപ്പള്ളി, ചേർത്തല തെക്ക് പഞ്ചാത്തുകളിൽ പരീക്ഷണാടിസ്ഥാനത്തിലാണ് ഉള്ളി കൃഷി നടപ്പാക്കുന്നത്.

ഓരോ പഞ്ചായത്തിലെയും തിരഞ്ഞെടുത്ത പുരുഷ – വനിത കാർഷിക ഗ്രൂപ്പുകളാകും ഉള്ളി കൃഷി നടത്തുക. ഗ്രൂപ്പുകളെ പഞ്ചായത്ത് തന്നെ തിരഞ്ഞെടുക്കും. കൃഷി വകുപ്പുമായി കൈകോർത്ത് നടപ്പാക്കുന്ന മാതൃകാ കൃഷിത്തോട്ടം പദ്ധതിയ്ക്കായി 11 ലക്ഷം രൂപയാണ് വകയിരുത്തിയിട്ടുള്ളത്. അതിൽനിന്നും നിശ്ചിത തുക ഉള്ളി കൃഷിക്കായി മാറ്റി വയ്ക്കും. മഴ മാറി നിന്നാൽ അടുത്ത മാസം ആദ്യം തന്നെ ഉള്ളി കൃഷി ആരംഭിക്കുമെന്ന് ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ് വി. ജി മോഹനൻ പറഞ്ഞു.

Share
അഭിപ്രായം എഴുതാം