യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത; മരണത്തിനു മുൻപ് നഗ്നനായി ഓടുന്നതിന്റെ സിസിടിവി ദൃശ്യം ലഭിച്ചു

കൊച്ചി : ഇരുമ്പനത്ത് 40 കാരനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത വര്‍ധിക്കുന്നു. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ സംശയാസ്പദമായ കാര്യങ്ങളൊന്നും പറയുന്നില്ലെങ്കിലും പൊലീസിന് ലഭിച്ച സി സി ടി വി ദൃശ്യങ്ങൾ സംഭവത്തിലെ ദുരൂഹത വർദ്ധിപ്പിക്കുകയാണ്. മരണത്തിന് തൊട്ടുമുമ്പ് യുവാവ് റോഡിലൂടെ നഗ്നനായി ഓടിയതിന്റെ സിസിടിവി ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്.

തൃപ്പൂണിത്തുറ തെക്കുംഭാഗം ചിത്രനഗറില്‍ മൂര്‍ക്കനാട്ട് മനോജ് (40) ആണ് കഴിഞ്ഞദിവസം ഇരുമ്പനം തണ്ണീര്‍ച്ചാലിന് സമീപം മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഇയാൾ രാത്രിയില്‍ ഇരുമ്പനം വരെ ഒറ്റയ്ക്ക് പോകില്ലെന്നും
മരിച്ച മനോജിന് ഇരുമ്പനത്ത് ബന്ധുക്കളോ സുഹൃത്തുക്കളോ ഇല്ലെന്നും വീട്ടുകാര്‍ പറയുന്നു. കാണാതായ അന്നു രാത്രി 7.30 വരെ മനോജ് വീട്ടിലുണ്ടായിരുന്നു.

ടീ ഷര്‍ട്ടും മുണ്ടുമാണ് ധരിച്ചിരുന്നതെന്നും മനോജിന്റെ സഹോദരന്‍ ബാബു പറയുന്നു. രാത്രി വീട്ടില്‍ തിരിച്ചെത്താതിരുന്നതിനെ തുടര്‍ന്ന് 06/08/21 വെള്ളിയാഴ്ച രാത്രി തന്നെ പൊലീസില്‍ പരാതി നല്‍കിയതായും വീട്ടുകാര്‍ പറഞ്ഞു. മദ്യപാനവുമായി ബന്ധപ്പെട്ട് ചില പ്രശ്‌നങ്ങളുണ്ടായിരുന്നു. എന്നാല്‍ ഏതാനും ദിവസങ്ങളാണ് മനോജ് മദ്യപാനം പൂര്‍ണമായി നിര്‍ത്തിയിരുന്നതായും ബാബു പറഞ്ഞു.

ശരീരത്തിലും തലയിലും പരിക്കുണ്ട്. മൂക്കില്‍ നിന്നും വായില്‍ നിന്നും രക്തം ഒലിച്ചിറങ്ങിയിരുന്നു. എന്നാല്‍ ഇതില്‍ അസ്വാഭാവികതയില്ലെന്നും, ശരീരത്തിലെ പരിക്ക് വീഴ്ചയില്‍ ഉണ്ടായതാകാമെന്നുമാണ് ഡോക്ടര്‍മാര്‍ പറഞ്ഞതെന്ന് ഹില്‍പാലസ് പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍ കെ അനില പറഞ്ഞു.

ഹൃദയത്തില്‍ ഏതാനും ബ്ലോക്ക് ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ഇതാണ് മരണകാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ഉറപ്പിച്ച് പറയുന്നില്ല. ആന്തരികാവയവങ്ങള്‍ രാസപരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതിന്റെ ഫലം വരുമ്പോള്‍ മരണകാരണം വ്യക്തമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പൊലീസ് പറയുന്നു.

Share
അഭിപ്രായം എഴുതാം