ടോക്യോ: ഒളിമ്പിക്സ് വനിത ഹോക്കി സെമിയിൽ ഇന്ത്യ അർജന്റീനയോട് പൊരുതിത്തോറ്റു.
ചരിത്രത്തിൽ ആദ്യമായി സെമിഫൈനലിൽ പ്രവേശിച്ച ഇന്ത്യ 2-1 നാണ് കരുത്തരായ അർജന്റീനക്ക് മുന്നിൽ അടിയറവ് പറഞ്ഞത്. ഇന്ത്യക്കായി ഗുർജിത് കൗർ സ്കോർ ചെയ്തപ്പോൾ നായിക നോയൽ ബാരിയോനുയേവയാണ് ഇരുഗോളുകളും നേടിയത്.
ഫൈനലിൽ നെതർലൻഡ്സാണ് അർജന്റീനയുടെ എതിരാളി. രണ്ടു തവണ ഫൈനലിലെത്തിയെങ്കിലും അർജന്റീനക്ക് ഇതുവരെ ഒളിമ്പിക്സ് സ്വർണം നേടാനായിട്ടില്ല. ഡച്ചുകാർ ഇത് തുടർച്ചയായ അഞ്ചാം ഒളിമ്പിക് ഫൈനലാണ് കളിക്കാൻ പോകുന്നത്. ബ്രിട്ടനെയാണ് അവർ തോൽപിച്ചത്.
മൂന്നു തവണ ജേതാക്കളായ ആസ്ട്രേലിയയെ കൊമ്പുകുത്തിച്ച ഇന്ത്യ മികച്ച ആത്മവിശ്വാസവുമായാണ് ലോക രണ്ടാംനമ്പറുകാരായ അർജന്റീനക്കെതിരെ കളിക്കാനിറങ്ങിയത്. ജർമനിയെ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് തോൽപിച്ചായിരുന്നു അർജന്റീനയുടെ കുതിപ്പ്.
എന്നാൽ മത്സരം തുടങ്ങി രണ്ടാം മിനിറ്റിൽ തന്നെ ഇന്ത്യ അർജറീനയെ ഞെട്ടിച്ചു. ക്യാപ്റ്റൻ റാണി രാംപാൽ എടുത്ത പെനാൽറ്റി കോർണർ ലക്ഷ്യത്തിലെത്തിച്ച് ഗുർജിത് കൗറാണ് ഇന്ത്യക്ക് ലീഡ് സമ്മാനിച്ചത്. എട്ടാം മിനിറ്റിൽ അർജന്റീനക്ക് അനുകൂലമായി പെനാൽറ്റി കോർണർ ലഭിച്ചെങ്കിലും ഇന്ത്യൻ ഡിഫൻഡർമാർ അപകടം അകറ്റി. ആദ്യ ക്വാർട്ടറിൽ ഇന്ത്യ ലീഡ് നിലനിർത്തി. എന്നാൽ 17ാം മിനിറ്റിൽ തങ്ങളുടെ മൂന്നാം പെനാൽറ്റി കോർണർ ഗോളാക്കി അർജന്റീന ഇന്ത്യക്കൊപ്പമെത്തി. ക്യാപ്റ്റൻ നോയൽ ബാരിയോനുയേവയാണ് ഗോൾ നേടിയത്.