ന്യൂഡൽഹി: ഡല്‍ഹിയില്‍ ഒമ്പത് വയസ്സുള്ള ദളിത് പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തില്‍ രാജ്യ സഭയില്‍ അടിയന്തിര പ്രമേയത്തിന് നോട്ടീസ്. സിപിഐഎം പ്രതിനിധിയും കേരളത്തില്‍ നിന്നുള്ള അംഗവുമായ ബിനോയ് വിശ്വമാണ് 04/08/21 ബുധനാഴ്ച അടിയന്തര പ്രമേയ നോട്ടീസ് നല്‍കിയത്. ദളിത് കുട്ടികള്‍ക്കും സത്രീകള്‍ക്കും എതിരായ ആക്രമണം ചര്‍ച്ച ചെയ്യണമെന്നാണ് ആവശ്യം. വടക്കു പടിഞ്ഞാറന്‍ ഡല്‍ഹിയിലെ പുരാന നങ്കലില്‍ ഒന്‍പതുവയസുകാരിയെ പൂജാരി ഉള്‍പ്പെടെ നാല് പേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധം വ്യാപകമാവുന്നതിനിടെയാണ് വിഷയം പാര്‍ലമെന്റില്‍ ഉന്നയിക്കപ്പെടുന്നത്.
അതിനിടെ, പുരാന നങ്കലിലെ ശ്മശാനത്തിന് സമീപത്ത് താമസിക്കുന്ന ഒന്‍പതുവയസുകാരിയുടെ കുടുംബത്തെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി സന്ദര്‍ശിച്ചു. ബുധനാഴ്ച രാവിലെയാണ് രാഹുല്‍ ഗാന്ധി കൂടുംബത്തെ കാണാനെത്തിയത്. ബന്ധുക്കളുമായും രാഹുല്‍ ഗാന്ധി കൂടിക്കാഴ്ച നടത്തി. ഒന്‍പതുവയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തുകയും കുടുംബത്തിന്റെ അനുമതിയില്ലാതെ തെറ്റിദ്ധരിപ്പിച്ച് മൃതദേഹം ദഹിപ്പിക്കുകയും ചെയ്ത സംഭവത്തില്‍ വലിയ തോതില്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെ പൊലീസ് ഉള്‍പ്പെടെ ഇരയുടെ കുടുബത്തിന് എതിരായി പ്രവര്‍ത്തിച്ചു എന്നും ആക്ഷേപം ഉയര്‍ന്നിരുന്നു.
പുരാന നങ്കലിലെ ശ്മശാനത്തിന് സമീപത്ത് താമസിക്കുന്ന ഒന്‍പതുവയസുകാരി ശ്മശാനത്തിലെ കൂളറില്‍ നിന്ന് വെള്ളം കൊണ്ടുവരാനായി പോവുകയും പിന്നീട് മരിച്ച നിലയില്‍ കണ്ടെത്തുകയുമായിരുന്നു. പെണ്‍കുട്ടി മടങ്ങിയെത്താതായതോടെ വീട്ടുകാര്‍ അന്വേഷിച്ചെത്തിയപ്പോഴാണ് കൊലപാതക വിവരം അറിയുന്നത്. കൂളറില്‍ നിന്ന് വെള്ളം കുടിക്കുമ്പോള്‍ കുട്ടിയ്ക്ക് വൈദ്യുതാഘാതമേറ്റെന്നായരുന്നു ഇവിടെയുള്ള പൂജാരി പറഞ്ഞത്. കുട്ടിയുടെ കൈത്തണ്ടയിലും കൈമുട്ടിലും പൊള്ളലേറ്റ പാടുകള്‍ ഉണ്ടായിരുന്നു.
കുട്ടിയുടെ മരണം പൊലീസില്‍ അറിയിക്കരുതെന്നും, പോസ്റ്റ്‌മോര്‍ട്ടം നടത്തിയാല്‍ അവര്‍ കുട്ടിയുടെ ആവയവങ്ങള്‍ മോഷ്ടിക്കുമെന്നും അമ്മയെ തെറ്റിദ്ധരിപ്പിക്കാനും പൂജാരിയുള്‍പ്പെടെ ഉള്ളവര്‍ ശ്രമിച്ചിരുന്നു. പിന്നീട് മൃതദേഹം നിര്‍ബന്ധിച്ച് ദഹിപ്പിക്കുകയും ചെയ്തു. സംഭവത്തില്‍ 55 കാരനായ ശ്മശാനത്തിലെ പൂജാരി ഉള്‍പ്പടെ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തതോടെയാണ് വിഷയം പുറത്തറിഞ്ഞത്. സംഭവം വാര്‍ത്തയാവുകയും വ്യാപക പ്രതിഷേധം ഉയരുകയും ചെയ്തതിന് പിന്നാലെയാണ് സംഭവത്തിലെ പൊലീസും വഴിവിട്ട ഇടപെടല്‍ നടത്തിയെന്ന ആക്ഷേപം ഉയരുന്നത്.
പൊലീസിനെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബം ഉന്നയിക്കുന്നത്. മകളുടെ മൃതദേഹം തങ്ങളുടെ അനുവാദമില്ലാതെ സംസ്‌കരിക്കുന്നത് തടയാന്‍ പൊലീസ് തയ്യാറായില്ലെന്ന് മാതാപിതാക്കള്‍ ആരോപിക്കുന്നു. മീഡിയ വണിനോടായിരുന്നു കുടുംബത്തിന്റെ പ്രതികരണം. പെണ്‍കുട്ടിയുടെ ചിത വെള്ളമൊഴിച്ചുകെടുത്താന്‍ ശ്രമിച്ചിരുന്നു. നാട്ടുകാരുടെ ഈ ശ്രമം പൊലീസ് തടഞ്ഞെന്നും കുടുംബം പറയുന്നു. കേസിലെ പ്രതികളെ പൊലീസ് സഹായിച്ചു. ഷോക്കേറ്റാണ് മകള്‍ മരിച്ചതെന്ന് പറയാന്‍ തങ്ങളെ നിര്‍ബന്ധിച്ചു. പരാതി പറയാന്‍ ചെന്നപ്പോള്‍ പൊലീസ് ശാരീരികമായും, മാനസികമായും പീഡിപ്പിച്ചുവെന്നും മാതാപിതാക്കള്‍ പറയുന്നു. അതേസമയം പരാതി പറയാന്‍ പോയ പെണ്‍കുട്ടിയുടെ മാതാപിതാക്കളെ ഒരു ദിവസം മുഴുവന്‍ സ്റ്റേഷനിലിരുത്തിയെന്നും ആക്ഷേപമുണ്ട്.
അതിനിടെ, മൃതദേഹ അവശിഷ്ടങ്ങള്‍ മൂന്ന് ഡോക്ടര്‍മാരുടെ ഒരു ബോര്‍ഡ് പോസ്റ്റ്‌മോര്‍ട്ടം നടത്തും. ബലാത്സംഗം, കൊലപാതകം, ഭീഷണിപ്പെടുത്തല്‍, പോക്‌സോ, എസ്‌സി/എസ്ടി എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.