തൃശ്ശൂർ: ആരോഗ്യ രംഗം പുതു പാതയില്‍, ജില്ലയില്‍ ഒരുങ്ങുന്നത് നിരവധി പദ്ധതികള്‍

തൃശ്ശൂർ: അടിമുടി മാറ്റത്തിനൊരുങ്ങി ജില്ലയിലെ ആരോഗ്യ മേഖല. സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മ പരിപാടികളുടെ ഭാഗമായി ആരോഗ്യ വകുപ്പിന്റെ നേത്യത്വത്തില്‍ തൃശൂരില്‍ നടപ്പിലാക്കുന്നത് വിപുലമായ വികസന പ്രവര്‍ത്തനങ്ങളാണ്. സര്‍ക്കാരിന്റെ വിവിധ ക്ഷേമ പദ്ധതികളുടെ ഭാഗമായുള്ള പ്രവര്‍ത്തനങ്ങള്‍ അന്തിമഘട്ടത്തിലാണ്. സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ 2.60 കോടി ചെലവിലാണ് ഒ പി വിഭാഗം സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നത്. ഇതിന് പുറമെ 32 ലക്ഷം ചെലവില്‍ എസ്.എന്‍.സി.യുവിന്റെ പുനരുദ്ധാരണം, 1 കോടി 40 ലക്ഷം രൂപ ചെലവില്‍ സ്‌കില്‍ ലാബ്, 2 കോടി 12 ലക്ഷം രൂപ ചെലവില്‍ ആര്‍.ബി.എസ്.കെ പരിശീലന കേന്ദ്രം, 30.62 ലക്ഷം രൂപയ്ക്ക് സി.എല്‍.എം.സി തുടങ്ങി വിപുലമായ പ്രവര്‍ത്തനങ്ങളാണ് മെഡിക്കല്‍ കോളേജില്‍ പൂര്‍ത്തിയാകാനുള്ളത്.  

ആര്‍ദ്രം മൂന്നാം ഘട്ടത്തിന്റെ ഭാഗമായി കൂര്‍ക്കഞ്ചേരി, അരിമ്പൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റുന്നതിന് 15.5 ലക്ഷം രൂപ അനുവദിച്ചു. പഴയ ജില്ലാ ആശുപത്രി കോമ്പൗണ്ടില്‍ പണിയുന്ന സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍  അവസാന ഘട്ടത്തിലാണ്. ചേറ്റുപ്പുഴ സബ് സെന്റര്‍, വിയ്യൂര്‍ സബ് സെന്റര്‍ ഹെല്‍ത്ത് ആന്റ് വെല്‍നെസ് സെന്ററായി ഉയര്‍ത്തുന്നതിന് 7 ലക്ഷം അനുവദിച്ചു. ലക്ഷ്യ മാനദണ്ഡപ്രകാരം വടക്കാഞ്ചേരി ജില്ലാ ആശുപത്രിയില്‍  2 കോടി 29 ലക്ഷം ചെലവ് വരുന്ന ലേബര്‍ റൂമിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നു.

ആര്‍ദ്രം ഒന്നാംഘട്ടം പദ്ധതിയില്‍ ഉള്‍പ്പെടുത്തി തെക്കുംകര പ്രാഥമികാരോഗ്യ കേന്ദ്രത്തെ കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയര്‍ത്തി. ആര്‍ദ്രം രണ്ടാംഘട്ടം പദ്ധതിയില്‍ ഉള്‍പ്പെടുത്തി പൂമല, അടാട്ട് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെയും കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയര്‍ത്തി. ആര്‍ദ്രം മൂന്നാം ഘട്ടം പദ്ധതിയില്‍ ഉള്‍പ്പെടുത്തി അവണൂര്‍, മുണ്ടത്തിക്കോട് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയര്‍ത്താനുള്ള അനുമതി ലഭിച്ചിട്ടുണ്ട്. 

തെക്കുംകര കുടുംബാരോഗ്യ കേന്ദ്രത്തിന് കീഴിലുള്ള സബ് സെന്റര്‍ കരുമത്ര ഹെല്‍ത്ത് ആന്റ് വെല്‍നെസ് സെന്ററായി ഉയര്‍ത്തും. അടാട്ട് കുടുംബാരോഗ്യ കേന്ദ്രത്തിന് കീഴിലുള്ള സബ് സെന്റര്‍ അടാട്ട് ഹെല്‍ത്ത് ആന്റ് വെല്‍നെസ് സെന്ററായി ഉയര്‍ത്തി. പൂമല കുടുംബാരോഗ്യ കേന്ദ്രത്തിന് കീഴിലുള്ള സബ് സെന്റര്‍ തിരൂരിനെ ഹെല്‍ത്ത് ആന്റ് വെല്‍നെസ് സെന്ററായി ഉയര്‍ത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ അന്തിമ ഘട്ടത്തിലാണ്. പുതുക്കാട് താലൂക്ക് ആശുപത്രിയില്‍ സര്‍ക്കാരിന്റെ ഇ-ഹെല്‍ത്ത് പദ്ധതി ആരംഭിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ ആദ്യ പടിയായി ഒപി, ഫാര്‍മസി, ലാബ്, റിസെപ്ഷന്‍, എന്നിവിടങ്ങള്‍ കംമ്പ്യൂട്ടര്‍വല്‍ക്കരിക്കുകയും ജീവനക്കാര്‍ക്ക് പരിശീലനം നല്‍കുകയും ചെയ്തു. 

ജില്ലയില്‍ ഹെല്‍ത്ത് ആന്റ് വെല്‍നെസ് സെന്ററുകളാക്കി മാറ്റുന്നതിന് പഞ്ചായത്ത് അടിസ്ഥാനത്തില്‍ 66 സബ് സെന്ററുകളെയാണ് തിരഞ്ഞെടുത്തത്. ഒരു സബ് സെന്ററിന് 7,00,000 രൂപ പ്രകാരം 462 ലക്ഷം രൂപയാണ് വകയിരുത്തിയത്. നൂറു ദിന പദ്ധതികളുടെ ഭാഗമായി 12 കുടുംബക്ഷേമ ഉപകേന്ദ്രങ്ങളാണ് കുടുംബാരോഗ്യ ഉപകേന്ദ്രങ്ങളായി ഉയര്‍ത്തിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →