കൊച്ചി : മഴുവന്നൂരില്‍ ട്വന്റി ട്വന്റി പാര്‍ട്ടിയില്‍ നിന്ന് പ്രവര്‍ത്തകര്‍ കൂട്ടത്തോടെ രാജി വയ്‌ക്കുന്നു. മഴുന്നനൂര്‍ പഞ്ചായത്തിലെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമല്ലെന്ന് ആരോപിച്ചാണ് രാജി . ഇതുവരെ 30ലധികം പ്രവര്‍ത്തകരാണ് രാജി വച്ചത്. കിറ്റെക്‌സിന്റെ നിക്ഷേപ പദ്ധതികള്‍ തെലങ്കാനയിലേക്ക് മാറ്റിയതിനെ തുടര്‍ന്നാണ് പ്രവര്‍ത്തകര്‍ കൂട്ടത്തോടെ പാര്‍ട്ടി വടുന്നത് എന്നത് ശ്രദ്ധേയമാണ്. ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ ട്വന്റി ട്വന്റി ക്ക് മഴുവന്നൂര്‍ പഞ്ചായത്തില്‍ മികച്ച നേട്ടമാണ് ഉണ്ടായത്. പഞ്ചായത്തിലെ 19 വാര്‍ഡുകളില്‍ 14 എണ്ണത്തിലും ട്വന്റി ട്വന്റി വിജയിച്ചു. ഇതോടെ പഞ്ചായത്തില്‍ ഒറ്റക്ക് ഭരണം പിടിച്ചെടുക്കകാന്‍ കഴിഞ്ഞിരുന്നു.
കുടിവെളളം വൈദ്യുതി ഭക്ഷ്യസുരക്ഷാ മാര്‍ക്കറ്റ് തുടങ്ങിയവയായിരുന്നു മുന്നോട്ടുവച്ച വാഗ്‌ദാനങ്ങള്‍ . ഈ വാഗ്‌ദാനങ്ങളില്‍ ഒന്നുപോലും നടപ്പാക്കാനുളള നടപടികള്‍ ഇതുവരെയും ഉണ്ടായിട്ടില്ലെന്നാണ് രാജിവച്ച പ്രര്‍ത്തകര്‍ ആരോപിക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം വാര്‍ഡ് തല കമ്മറ്റികള്‍ പോലും ചേര്‍ന്നിട്ടില്ലെന്നും അതിനാല്‍ തങ്ങളുടെ അഭിപ്രായങ്ങള്‍ പറയുന്നതിന് ഒരു വേദിയില്ലെന്നും ഇവര്‍ കുറ്റപ്പെടുത്തുന്നു.
അതേസമയം ട്വന്റി ട്വന്റിയില്‍ നിന്ന് രാജിവച്ച് എത്തുന്നവരെ ഒപ്പം നിര്‍ത്തുകയെന്ന പുതിയ തന്ത്രവുമായി സിപിഎം രംഗത്തുവന്നു. രാജി വച്ചെത്തുന്നവര്‍ക്ക് ഔദ്യോഗികമായി പാര്‍ട്ടി അംഗത്വം നല്‍കി സ്വീകരിക്കാന്‍ സിപിഎം ലക്ഷ്യമിടുന്നു.