റെഡ് ക്രോസ് ഇടുക്കി ജില്ലാ കമ്മറ്റി അടിമാലി താലൂക്കാശുപത്രിക്കാ യി സമര്‍പ്പിച്ച ജീവന്‍രക്ഷാ ഉപകരണങ്ങള്‍ അഡ്വ. ഡീന്‍ കുര്യാക്കോസ് എം പി ആശുപത്രി അധികൃതര്‍ക്ക് കൈമാറി. കൊവിഡ് ചികിത്സക്ക് കരുത്ത് പകരുന്നതാണ് റെഡ്ക്രോസിന്റെ ഇടപെടലെന്ന് എം.പി പറഞ്ഞു. അടിമാലി താലൂക്കാശുപത്രിയിലായിരുന്നു ചടങ്ങ് സംഘടിപ്പിച്ചത്. രണ്ട് ഓക്സിജന്‍ കോണ്‍സണ്‍ട്രേറ്ററുകളും അഞ്ഞൂറോളം മുഖാവരണങ്ങളുമാണ് റെഡ്ക്രോസ് ഇടുക്കി ജില്ലാ കമ്മറ്റി അടിമാലി താലൂക്കാശുപത്രിക്കായി സമര്‍പ്പിച്ചത്. ഒരു കോണ്‍സണ്‍ട്രേറ്റര്‍ ഉപയോഗിച്ച് അഞ്ച് കിടക്കകളില്‍ വരെ ഓക്സിജന്‍ എത്തിക്കാനാകും. അടിമാലി താലൂക്കാശുപത്രി സൂപ്രണ്ട് ഡോ. സത്യബാബു ജീവന്‍രക്ഷാ ഉപകരണങ്ങള്‍ ഏറ്റ് വാങ്ങി. അടിമാലിക്ക് പുറമെ ഇടുക്കി മെഡിക്കല്‍ കോളേജില്‍ പതിനഞ്ചും കട്ടപ്പന താലൂക്കാശുപത്രിയില്‍ രണ്ടും തൊടുപുഴ ജില്ലാ ആശുപത്രിയില്‍ ഒന്നും കോണ്‍സണ്‍ട്രേറ്ററുകള്‍ നല്‍കി കഴിഞ്ഞതായി റെഡ് ക്രോസ് ഭാരവാഹികള്‍ പറഞ്ഞു. അടിമാലിയില്‍ നടന്ന ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്തംഗം കെ കൃഷ്ണമൂര്‍ത്തി, റെഡ് ക്രോസ് ഭാരവാഹികള്‍, ആശുപത്രി ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.