പത്തനംതിട്ട: പത്തനംതിട്ട ജില്ലയില്‍ സെക്ടറല്‍ മജിസ്‌ട്രേറ്റുമാരുടെ പ്രവര്‍ത്തനം കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്.അയ്യര്‍ പറഞ്ഞു. കളക്ടറേറ്റില്‍ ചേര്‍ന്ന ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗത്തില്‍ സംസാരിക്കുകയായിരുന്നു കളക്ടര്‍. ജില്ലയില്‍ കോവിഡ് കേസുകള്‍ നിയന്ത്രിക്കുന്നതിന്റെ ഭാഗമായിട്ടാണ് സെക്ടറല്‍ മജിസ്‌ട്രേറ്റുമാരുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നത്.
പൊതുജനങ്ങള്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലുക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായിട്ടാണ് സെക്ടറല്‍ മജിസ്‌ട്രേറ്റുമാരെ നിയമിച്ചിട്ടുള്ളത്. തദേശ സ്വയംഭരണസ്ഥാപന അടിസ്ഥാനത്തില്‍ കോവിഡ് ടെസ്റ്റുകള്‍ വര്‍ധിപ്പിക്കും. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സ്വകാര്യ സ്ഥാപനങ്ങള്‍ പങ്കാളികളാകണമെന്നും ജില്ലാ കളക്ടര്‍ അഭ്യര്‍ഥിച്ചു.
ജില്ലാ പോലീസ് മേധാവി ആര്‍.നിശാന്തിനി, ജില്ലാ ദുരന്തനിവാരണ വകുപ്പ് ഡെപ്യൂട്ടി കളക്ടര്‍ ടി.ജി ഗോപകുമാര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. എ.എല്‍ ഷീജ തുടങ്ങിയവര്‍ പങ്കെടുത്തു.