കൊച്ചി : വൈദ്യശാസ്‌ത്ര രംഗത്തെ അത്യപൂര്‍വവും അതി സങ്കൂര്‍ണ്വുമായ ട്രോമാറ്റിക്ക് ട്രക്കിയല്‍ട്രാന്‍സെക്ഷന്‍ ശസ്‌ത്രക്രിയയിലൂടെ, രണ്ടായി മുറിഞ്ഞ ശ്വാസനാളം തുന്നിച്ചേര്‍ത്തു. എറണാകുളം ലൂര്‍ദ്ദ് ആശുപത്രിയിലാണ് ഈ അപൂര്‍വ ശസ്‌ത്രക്രിയ നടന്നത്. ലക്ഷദ്വീപ് സ്വദേശിനിയായ സജ്‌ന സബാഹ് എന്ന 22 കാരിയാണ് ശസ്‌ത്രക്രിയയിലൂടെ പുനര്‍ജന്മം പ്രാപിച്ചത്.
ആലപ്പുഴയിലെ നാഷണല്‍ കയര്‍ ട്രെയിനിംഗ് ആന്റ് ഡിസൈന്‍ സെന്‍ററില്‍ കോഴ്‌സിന്‍റെ ഭാഗമായി പരിശീലനത്തിനെത്തിയതയായിരുന്നു സജ്‌ന സഹാബ്. പരിശീലനത്തിനിടെ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന യന്ത്രത്തില്‍ ഷാള്‍ കുടുങ്ങി കഴുത്തില്‍ വരിഞ്ഞുമുറുകിയാണ് അപകമുണ്ടായത്. ശ്വാസം നിലച്ച് ബോധരഹിതയായി നിലത്തുവീണ സജ്‌നയെ അദ്ധ്യാപകരും സഹപാഠികളും ചേര്‍ന്ന് തൊട്ടടുത്തുളള പ്രാഥമീകാരോഗ്യ കേന്ദ്രത്തിലും പിന്നീട് ആലപ്പുഴ മെഡിക്കല്‍ കോളേജാശുപത്രിയിലും എത്തിച്ചു. മുറിഞ്ഞുപോയശ്വസന നാളിയുടെ താഴ്‌ഭാഗത്ത് ഒരു ദ്വാരം ഉണ്ടാക്കി താല്‍ക്കാലികമായി ശ്വാസോച്ഛ്വാസം നിലനിര്‍ത്താനുളള അടിയന്തിര ശസ്‌ത്രക്രിയ (ട്രക്കിയോസ്‌റ്റോമി) മെഡിക്കൽ കോളേജില്‍ ചെയ്‌തു. തുടര്‍ന്ന് വിദഗ്‌ദ ചികിത്സക്ക് ലൂര്‍ദ്ദ് ആശുപത്രിയിലേക്ക് കൊണ്ടുവരികയായിരുന്നു.
മെഡിക്കല്‍ സൂപ്രണ്ടും സര്‍ജറി വിഭാഗം മേധാവിയുമായ ഡോ.സന്തോഷ് ജോണ്‍ എബ്രാഹം, പ്ലാസ്റ്റിക്ക് സര്‍ജന്‍ ഡോ.ചാക്കോ സിറിയക്ക്, വാസ്‌ക്കുലര്‍ സര്‍ജന്‍ ഡോ. വിമല്‍ ഐപ്പ് അനസ്‌തേഷ്യാ വിഭാഗം ഡോ. ശോഭാ ഫിലിപ്പ് ,ഡോ. ഗായത്രി എന്നിവരുടെ നേതൃത്വത്തിലുളള മെഡിക്കല്‍ സംഘം അത്യപൂര്‍വമായി മാത്രം സംഭവിക്കുന്ന ഈ അതിസങ്കീര്‍ണമായ അപകടാവസ്ഥയില്‍ നിന്ന് സജ്‌നയുടെ ജീവന്‍ രക്ഷിക്കുവാനുളള വിദഗ്‌ദ രൂപരേഖ തയ്യാറാക്കി ചികിത്സ ആരംഭിക്കുകയായിരുന്നു. പ്രവര്‍ത്തന രഹിതമായ സ്വനപേടകം (വോക്കല്‍കോട്) പ്രവര്‍ത്തനക്ഷമമാക്കുക എന്നതായിരുന്നു ശസ്‌ത്രക്രിയയുടെ ആദ്യഘട്ടം. തുന്നിച്ചേര്‍ത്ത ശ്വാസനാളി കൂടിച്ചേരുന്നതുവരെ സജ്‌നക്ക് കൃത്യമായ ശ്വാസോച്ഛ്വാസവും ഭക്ഷണവും നല്‍കുകയെന്നത് മെഡിക്കല്‍ സംഘത്തിന് തികഞ്ഞ വെല്ലുവിളിയായിരുന്നു. ശസ്‌ത്രക്രിയയുടെ നാലാംനാള്‍ കൂട്ടിച്ചേര്‍ത്ത ശ്വസന നാളിയിലൂടെ സജ്‌ന ശ്വസിച്ചുതുടങ്ങി. ഏഴുദിവസത്തെ തീവ്ര പരിചരണത്തിനുശേഷം വാര്‍ഡിലേക്കു മാറ്റിയ സജ്‌ന സംസാര ശേഷി വീണ്ടെടുക്കുകയും വായിലൂടെ ആഹാരം കഴിച്ചുതുടങ്ങുകയും ചെയ്‌തു.
ഇത്തരം സംഭവങ്ങളില്‍ 80 ശതമാനം ആളുകള്‍ക്കും സംഭവസ്ഥലത്തുവച്ചുതന്നെ ജീവന്‍ നഷ്ടപ്പെടുകയാണ് പതി വെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ഇതുവരെ റിപ്പോര്‍ട്ടുചെയ്‌ത കണക്കുകള്‍ പ്രകാരം കേരളത്തിലെ ആദ്യത്തേതും ഇന്ത്യയിലെ രണ്ടാമത്തേതുമാണ് ഈ ശസ്‌ത്രക്രിയ എന്ന് ആശുപത്രി ഡയറക്ടര്‍ ഫാദര്‍ ഷൈജു അഗസറ്റിന്‍ തോപ്പില്‍ പറഞ്ഞു.



