സ്ത്രീ സംരക്ഷണം.. സ്വന്തം കൈകളിൽ

മൂന്ന് വർഷങ്ങൾക്ക് മുമ്പ് കാമവെറി പൂണ്ട കാപാലികൻമാർ ക്രൂരപീഢനത്തിനിരയാക്കി കശക്കിയെറിഞ്ഞ കാശ്മീരിലെ
എട്ടുവയസുകാരി ആസിഫയെ പോലെ ഇടുക്കിയിൽ മറ്റൊരു പിഞ്ചോമന കൂടി കൊടുംക്രൂരതക്ക് ഇരയായി മാറിയിരിക്കുന്നു. ആസിഫയെ പോലെ മറ്റൊരു കുട്ടിക്കും ഈ ഗതി വരരുതേ എന്ന പ്രാർത്ഥനകൾക്കിടയിലും കാട്ടാള വേഷമണിഞ്ഞ നരാധമൻമാർ ചെയ്ത് കൂട്ടുന്ന പീഢനങ്ങളുടെ വ്യത്യസ്ത മുഖങ്ങൾ നമ്മുക്കിടയിലൂടെ കടന്നുപോയി കൊണ്ടിരിക്കുന്നു. ഇവിടെ ഒരു പെണ്ണായി പിറന്നതാണോ തെറ്റ്?

മതാപിതാക്കൾ മനസിലെന്നും കെടാതെ സൂക്ഷിച്ച് വെക്കുന്ന തിരിനാളമാണ് തന്റെ മക്കളോടുള്ള സ്നേഹം .ആ സ്നേഹം നെഞ്ചിനെ കീറിമുറിക്കുന്ന വേദനയായി മാറുമ്പോൾ മറവികൊണ്ട് അതിനെ മൂടിവെക്കാനാവില്ല ഒരച്ഛനും അമ്മക്കും .

ഒരു പെൺകുഞ്ഞിന് ജന്മം നൽകിയാൽ ഇന്ന് സന്തോഷിക്കാനാവില്ല അച്ഛനമ്മമാർക്ക് . അമ്മിഞ്ഞപാലിന്റെ നറുമണം മറാത്ത പിഞ്ചുപൈതങ്ങൾക്ക് പോലും ഇന്ന് നമ്മുടെ സമൂഹത്തിൽ സുരക്ഷിതത്വമില്ല . ജീവിതത്തിന്റെ കാല്പനികമായ സംവേദനശീലങ്ങളെ തകർത്ത് കളയുന്ന തരത്തിലാണ് കാട്ടാള വേഷമണിഞ്ഞ നാരാധമൻമാരുടെ ചെയ്തികൾ .

സ്ത്രീയെ അമ്മയായും ദേവിയായും കണ്ടിരുന്ന കണ്ണുകളിൽ ഇന്ന് കാമത്തിന്റെ തീജ്വാല മാത്രമായിരിക്കുന്നു. ബാല്യകാല കൗതുകങ്ങൾ വിട്ടുമാറാത്ത പെൺകുട്ടികൾ പോലും അവന്റെ അടങ്ങാത്ത ആത്മകാമനകൾക്ക് ഇരയാവുന്നു. അമ്മയുടെ മടിത്തട്ടിൽ ഉറങ്ങികിടക്കുന്ന കുഞ്ഞ് മുതൽ മകളായും ,ഭാര്യയായും ,അമ്മയായും, മുത്തശിയായും , വേഷങ്ങൾ ആടിതീർത്ത പ്രായമായവരെയും വരെ കാമത്തിന്റ കണ്ണുകൾ കൊണ്ട് വലയം വച്ചിരിക്കുകയാണ് . പെണ്ണിനെ വെറുമൊരു ഭോഗവസ്തുവായി കാണുന്നവരാണ് നമ്മുക്ക് ചുറ്റുമുള്ള നീചൻമാർ. അത്കൊണ്ട്തന്നെ കാണാത്തത് കാണാനും കേൾക്കാത്തത് കേൾക്കാനും ചിന്തിക്കാത്തത് ചിന്തിക്കാനും കഴിയണം ഇന്നത്തെ പെൺ തലമുറക്ക് .

തുറന്ന പുസ്തകം പോലെ ആരുടെയും മുമ്പിൽ പെരുമാറരുത് . കാരണം വായിച്ച് കഴിഞ്ഞ പുസ്തകം പിച്ചിചീന്താൻ എളുപ്പമായിരിക്കും . ഒരുപാട് സ്നേഹിക്കുന്നവരെ പോലും വിശ്വസിക്കാൻ പറ്റാത്ത കാലമാണ് ഇന്നത്തെ പെൺകുട്ടികൾക്ക് മുമ്പിലുള്ളത് . അന്ധകാരത്തിന്റ മടിത്തട്ടിലിരുന്ന് കൂരിരുൾ മൂടിയ സ്വപ്നങ്ങൾ കണ്ട് ഇരുട്ടിന്റെ കൂട്ടിൽ മയങ്ങുന്ന ഇന്നത്തെ തലമുറ ഇന്റർനെറ്റും ,പതിരുനിറഞ്ഞ മംഗ്ലീഷും പഴമയുടെ ചിതലരിച്ച സ്വപ്നത്തിന്റെ മറക്കാനാവാത്ത ബാക്കിപത്രമാണ് . തന്റെ നഗ്നതയെ ഒപ്പിയെടുത്ത ക്യാമറകണ്ണുകളും , കാമവെറിയും കാതലായ മാറ്റത്തിന്റെ നേർസാക്ഷിയായി തുടരുന്നു . അരതുണിയിൽ അരഭാഗം മറച്ച പെണ്ണിനെയും , മാന്യമായി വേഷം ധരിച്ച പെണ്ണിനെയും കഴുകൻ കണ്ണുള്ള കാപാലികൻമാർ ഒരുപോലെ പിച്ചിചീന്തുന്നു . കാലത്തിന് ഭ്രാന്താവുമ്പോൾ ജീവിതത്തിന്റെ തമാശ വേഷമണിയുകയാണോ ഇന്നത്തെ തലമുറ. സ്ത്രീശരീരം ഒരു പ്രദർശനവസ്തുവല്ല ..പെണ്ണ്’ അവളുടെ അന്തസും മാന്യതയും കാത്തുസൂക്ഷിക്കുമ്പോഴാണ് സ്ത്രീസുരക്ഷക്ക് വേണ്ടിയുള്ള ശ്രമങ്ങൾ ഫലപ്രദമാവുകയുള്ളൂ .

മകളുടെ നെറ്റിയിൽ സ്നേഹത്തോടെ ഒരു ചുംബനവും കൊടുത്ത് രാവിലെ സ്ക്കൂളിലേക്ക് പറഞ്ഞുവിടുന്ന ഒരമ്മക്ക് ആ മകൾ തിരിച്ച് വരുന്നത് വരെ സമാധാനത്തോടെ വീട്ടിലിരിക്കാൻ പറ്റണമെങ്കിൽ സ്ത്രീ ഒരു മാംസപിണ്ഡമല്ലെന്നും പുരുഷൻമാരെ പോലെ തന്നെ ചോരയും നീരുമുള്ള മനുഷ്യശരീരമാണെന്നും വളർന്ന് വരുന്ന സമൂഹത്തെ പറഞ്ഞ് മനസിലാക്കേണ്ടിയിരിക്കുന്നു . ഒരു പെൺകുട്ടി വളർന്ന് വരുമ്പോൾ അവളുടെ ശരീരത്തിൽ വന്നുകൊണ്ടിരിക്കുന്ന ഓരോ മാറ്റങ്ങളും അവളെ പറഞ്ഞു മനസിലാക്കേണ്ടതുണ്ട് . പുറംമോടിയിലെ സൗന്ദര്യത്തിന് മാറ്റ് കൂട്ടുവാൻ വേണ്ടി ആകാര വടിവുകൾ എടുത്ത് കാണിക്കുന്ന രീതിയിലുള്ള വസ്ത്രങ്ങൾ ഓരോ പെൺകുട്ടിയും ഒഴിവാക്കേണ്ടിയിരിക്കുന്നു . പ്രതികരണശേഷിയില്ലാത്ത വെറും പാവകളായി മാറാതെ മുന്നിൽ കാണുന്ന നെറികേടുകളോട് ആത്മവിശ്വാസത്തോടെ പൊരുതാൻ കഴിയുന്നവളായി മാറണം ഓരോ പെൺകുട്ടിയും .

സ്ത്രീകൾക്ക് പീഡനങ്ങളിൽ നിന്ന് രക്ഷനേടുന്നതിനും, പീഢന ശ്രമങ്ങളെ ചെറുത്ത് തോല്പ്പിക്കുന്നതിനും വേണ്ടിയുള്ള ബോധവൽക്കരണം ഇന്ന് അത്യാവശ്യമാണ് . ഈ ഭൂമിയിൽ സ്ത്രീകളുടെ സംരക്ഷണ ചുമതല ഏല്പിച്ചിരിക്കുന്നത് പുരുഷ കൈകളിലാണ് . സംരക്ഷിക്കേണ്ട കരങ്ങൾ തന്നെ ഇന്നവരുടെ നാശത്തിന് കാരണമാവുന്നു . മനുഷ്യത്വം ക്രൂരതയുടെ രക്തസാക്ഷിയായി കണ്ണടച്ചിരിക്കുമ്പോൾ കണ്ണിൽ കത്തിച്ച് വച്ച പ്രതിഷേധാഗ്നിയായി നമ്മുക്കുണരാം… ജീവിതത്തിലേക്ക് … മനുഷ്യത്വമുള്ള മനസുകളിലേക്ക് .

Share
അഭിപ്രായം എഴുതാം