ചന്ദനം വച്ചുപിടിപ്പിക്കാനും മുറിക്കാനും അനുവദിച്ചാൽ എന്ത്?

കഴിഞ്ഞ സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവുകള്‍ കര്‍ഷകരെ സഹായിക്കാന്‍ ലക്ഷ്യമിട്ടു മാത്രം ഉള്ളവയാണ്. മരംമുറി സംഭവം മറയാക്കി ഉത്തരവുകളെ മാത്രമല്ല ആക്രമിക്കുന്നത് കര്‍ഷകനേയും കര്‍ഷകന്റെ ഭൂമി അവകാശത്തേയുമാണ്.

പട്ടയഭുമിയില്‍ വെച്ചു പിടിപ്പിച്ച മരങ്ങള്‍ മുറിക്കാന്‍ അനുവദിക്കുന്ന ഉത്തരവ് 2020 ഒക്ടോബര്‍ 24-ന് റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറി ഇറക്കി. ഈ ഉത്തരവ് ഒരു കൂട്ടര്‍ ദുരുപയോഗിക്കുന്നവെന്ന് മനസ്സിലായപ്പോള്‍ 02-02-2021-ല്‍ പിന്‍വലിക്കുകയും ചെയ്തു. 1964-ലെ LA. ആക്ട് അനുസരിച്ചു ലഭിച്ച പട്ടയഭൂമിയില്‍ കര്‍ഷകര്‍ വെച്ചു പിടിപ്പിച്ച് പരിപാലിച്ചു വളര്‍ത്തിയ മരങ്ങളില്‍ ചന്ദനം ഒഴികെയുള്ള മരങ്ങള്‍ ഉടമകള്‍ക്കു മുറിക്കാനാണ് കര്‍ഷകര്‍ക്ക് അവകാശം ലഭിച്ചതും പിന്നീട് നിഷേധിക്കപ്പെട്ടതുo. ഏതു മരവും കടത്തികൊണ്ടു പോകുന്ന കച്ചവടക്കാര്‍ നാട്ടിലുണ്ടെന്നത് രഹസ്യമല്ല. അവരെ സഹായിക്കാന്‍ മുകളിലും താഴെയും ഉദ്യോഗസ്ഥവൃന്ദവും ഉണ്ട്. സ്വന്തം ഭൂമിയില്‍ വളര്‍ത്തിയ മരത്തിന്റെ അവകാശം ഉടമക്കു നിഷേധിക്കുന്നത് എന്തൊരു നീതിയാണ്?

64-ലെ പട്ടയ ചട്ടത്തില്‍ ചന്ദനം, ഈട്ടി, തേക്ക്, എബണി എന്നിവ റിസര്‍വ്വ് ചെയ്തിട്ടുണ്ട്. ആ മരങ്ങള്‍ മുറിക്കാന്‍ ഉത്തരവ് പറയുന്നില്ല. കര്‍ഷകര്‍ പട്ടയദാര്‍ ആയതിനു ശേഷം വെച്ചു പിടിപ്പിച്ച ചന്ദനം ഒഴികെയുള്ള മരങ്ങള്‍ എന്നാണ് പറയുന്നത്. സംശയമുള്ളവര്‍ ഉത്തരവ് വായിച്ചാല്‍ മനസ്സിലാകും. എന്നാല്‍ ചന്ദനവും മുറിക്കാന്‍ അനുവദിക്കണമെന്നാണ് എന്റെ അഭിപ്രായം. മരം മുറിക്കാന്‍ അനുവദിച്ചാല്‍ മാത്രമേ മരം വളര്‍ത്താനും കര്‍ഷകര്‍ക്കു താല്‍പര്യമുണ്ടാകൂ. ഈ വസ്തുത നിഷേധിച്ചാണ് ഇപ്പോള്‍ കപടപരിസ്ഥിതിവാദികളും രാഷ്ട്രീയ സദാചാരക്കാരും സര്‍ക്കാരിനു എതിരേ തിരിഞ്ഞത്. മാധ്യമങ്ങള്‍ ഞാനാണ് മുമ്പില്‍ എന്ന നിലക്ക് എഴുതിയും, വായിച്ചും, ചര്‍ച്ച നടത്തിയും, സര്‍ക്കാരിനേയും കൃഷിക്കാരേയും ആക്ഷേപിക്കുന്നു. മുന്‍ റവന്യു വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരനെ പിടികിട്ടാപുള്ളിയേപ്പോലെ അവതരിപ്പിക്കുകയും ചെയ്തു.

Read Also: കയ്യിലെ തഴമ്പായിരുന്നു പട്ടംകോളനിയിൽ 5 ഏക്കർ ഭൂമിയ്ക്ക് യോഗ്യത

അദ്ദേഹമെന്താണ് പറഞ്ഞത്? ഉത്തരവ് കര്‍ഷക പക്ഷത്തുനിന്നിറക്കിയതിന്റെ ഉത്തരവാദിത്തം തനിക്കാണെന്ന് അദ്ദേഹം തീര്‍ത്തു പറഞ്ഞു. കൃഷിക്കാര്‍ അദ്ദേഹത്തെ അഭിനന്ദിക്കുന്നു. ഒരു ദിവസം മാനത്തു നിന്നും ഇങ്ങനെ ഒരു ഉത്തരവിറക്കാന്‍ വേണ്ടി പൊട്ടിവീണയാളല്ല. തുറന്നു വെച്ച പുസ്തകമാണദ്ദേഹം. മന്ത്രിയായപ്പോള്‍ കര്‍ഷക പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നന്നായി ശ്രമിച്ചു. ഒരുപാടു നിയമക്കുരുകളഴിച്ച് പട്ടയം നല്‍കി. മരം മുറിയുമായി ബന്ധപ്പെട്ട് പത്ത് സര്‍വ്വകക്ഷി യോഗങ്ങള്‍ ചേര്‍ന്നു. ഇതില്‍ ഏഴിലും മുഖ്യമന്ത്രി അദ്ധ്യക്ഷനായിരുന്നു. എല്‍.ഡി.എഫ്, യു.ഡി.എഫ്, എന്‍.ഡി.എ കക്ഷി നേതാക്കള്‍ പങ്കെടുത്തു. മിനിറ്റ്‌സ് പരിശോധിച്ചാല്‍ എല്ലാം മനസ്സിലാകും. സര്‍വ്വകക്ഷി ആവശ്യം ഉത്തരവായി ഇറങ്ങിയപ്പോള്‍, സര്‍ക്കാര്‍ കര്‍ഷക പക്ഷമെന്ന് മനസ്സിലായി. നിരാശ പൂണ്ടവര്‍ അഴിമതിയാരോപണവുമായി സര്‍ക്കാരിനെതിരായി രംഗത്തുവന്നു. മരംമുറിയാണോ യഥാര്‍ഥത്തില്‍ കേസ്? അല്ല. മലയോര കര്‍ഷകവിരുദ്ധ നിലപാടാണ് കാര്യം. ഒന്നേകാല്‍ നൂറ്റാണ്ടു മുമ്പു മുതല്‍ അന്നത്തെ ഭരണാധികാരികള്‍ കുടിയിരുത്തിയവരടക്കം ആലപ്പുഴ ഒഴിച്ച് 13 ജില്ലകളിലുമുള്ള മലയോര വാസികളായ 65 ലക്ഷത്തിലധികം ജനങ്ങളെ അപഹസിക്കുകയും ആക്ഷേപിക്കുകയുമാണ് ചെയ്യുന്നത്. പരിസ്ഥിതിയുടെ പേരില്‍ ഇത് തൊഴിലാക്കിയ കുറേ പേരുണ്ട്.

കൃഷിക്കാര്‍ ചെയ്യുന്നത് വനവല്‍ക്കരണമാണെന്ന് ഇവര്‍ അംഗീകരിക്കില്ല. ഇവര്‍ വസിക്കുന്നിടത്ത് കോണ്‍ക്രീറ്റ് വനമാണുള്ളത്. ശുദ്ധവായുവില്ല. ശുദ്ധജലമില്ല. പുഴുത്തു നാറിയ പരിസരങ്ങള്‍. കൊതുകും, ഈച്ചയും മറ്റു ക്ഷുദ്രജീവികളും മനുഷ്യ ജീവിതം പൊറുതിമുട്ടിക്കുന്നു അവിടെ. അവര്‍ക്ക് ആശ്വാസം നല്‍കാന്‍ എന്തെങ്കിലും ചെയ്യുകയല്ലേ വേണ്ടത്? വെറുതെ കൃഷിക്കാരന്റെ നെഞ്ചത്തുകയറണോ? മറ്റുള്ളവരേ പോലെ കൃഷിക്കാരനും അവകാശങ്ങളില്ലേ? ഭരണഘടന പറയുന്ന മൗലീകാവകാശങ്ങള്‍ കൃഷിക്കാരനില്ലേ? എല്ലാവരേയും തീറ്റി പോറ്റാനും സമ്പത്ത് ഉണ്ടാക്കി രാജ്യത്തിനു നല്‍കാനുമുള്ള മിണ്ടാപ്രാണി മാത്രമാണോ കര്‍ഷകന്‍? ഇവര്‍ ചെയ്യുന്നതെന്തെന്ന് നമ്മള്‍ക്കറിയില്ല. ഇനിയെങ്കിലും തിരിച്ചറിയണം. കര്‍ഷ വിരുദ്ധര്‍ക്ക് നല്ല ബുദ്ധി തോന്നിക്കേണമേ!

കുടിയേറ്റ കര്‍ഷക പ്രശ്‌നങ്ങളില്‍ സജീവമായി ഇടപെടുന്ന ലേഖകന്‍ കിസാന്‍ സഭയുടെ സംസ്ഥാന സെക്രട്ടറിയാണ്.
ഫോണ്‍ 9446621063

Share
അഭിപ്രായം എഴുതാം