പത്തനംതിട്ട: വനിതകളുടെ രക്ഷക്കായ് രക്ഷാദൂത്

പത്തനംതിട്ട: ഗാര്‍ഹിക പീഡനത്തില്‍ നിന്നു സ്ത്രീകളെ രക്ഷിക്കാനുള്ള  വനിതാശിശുവികസന വകുപ്പിന്റെ പദ്ധതിയാണു രക്ഷാദൂത്. തപാല്‍ വകുപ്പുമായി ചേര്‍ന്നാണു രക്ഷാദൂത് പദ്ധതി നടപ്പിലാക്കുന്നത്. അതിക്രമങ്ങളില്‍പെടുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ലളിതമായി പരാതിപ്പെടാനുള്ള പദ്ധതിയാണിത്. 

അതിക്രമത്തിനിരയായ വനിതകള്‍ക്കോ കുട്ടികള്‍ക്കോ അവരുടെ പ്രതിനിധിക്കോ പദ്ധതി പ്രയോജനപ്പെടുത്താം. അടുത്തുള്ള പോസ്റ്റ് ഓഫീസിലെത്തി ‘തപാല്‍’ എന്ന കോഡ് പറഞ്ഞാല്‍ പോസ്റ്റ് മാസ്റ്റര്‍/ പോസ്റ്റ് മിസ്ട്രസിന്റെ സഹായത്തോടുകൂടിയോ അല്ലാതെയോ പിന്‍കോഡ് സഹിതമൂള്ള സ്വന്തം മേല്‍വിലാസം എഴുതിയ പേപ്പര്‍ ലെറ്റര്‍ ബോക്‌സില്‍ നിക്ഷേപിക്കാം. വെള്ള പേപ്പറില്‍ പൂര്‍ണമായ മേല്‍വിലാസം എഴുതി പെട്ടിയില്‍ നിക്ഷേപിക്കുമ്പോള്‍ കവറിനു പുറത്ത് ‘തപാല്‍’ എന്ന് രേഖപ്പെടുത്തണം. സ്റ്റാമ്പ് പതിക്കേണ്ടതില്ല.

ഇത്തരത്തില്‍ ലഭിക്കുന്ന മേല്‍വിലാസം എഴുതിയ പേപ്പറുകള്‍ പോസ്റ്റ് മാസ്റ്റര്‍/പോസ്റ്റ് മിസ്ട്രസ് സ്‌കാന്‍ ചെയ്ത് വനിതാ ശിശു വികസന വകുപ്പിന് ഈ – മെയില്‍ വഴി അയച്ചു കൊടുക്കും. ഗാര്‍ഹികാതിക്രമവുമായി ബന്ധപ്പെട്ട പരാതികള്‍ അതാത് ജില്ലകളിലെ വനിതാസംരക്ഷണ ഓഫീസര്‍മാരും കുട്ടികള്‍ക്കെതിരെയുള്ള പരാതികള്‍ ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍മാരും അന്വേഷിച്ച് തുടര്‍ നടപടികള്‍ സ്വീകരിക്കും.

സര്‍ക്കിള്‍ പോസ്റ്റ് മാസ്റ്റര്‍ ജനറലുമായി വനിതാശിശുവികസന വകുപ്പ് ഒപ്പുവച്ച  ധാരണാ പത്രത്തിന്റെ അടിസ്ഥാനത്തിലാണു പദ്ധതി നടപ്പിലാക്കുന്നത്. പരാതികള്‍ എഴുതാന്‍ കഴിയാത്തവരെപ്പോലും പീഡനങ്ങളില്‍ നിന്നു രക്ഷപെടുത്താന്‍ സഹായിക്കുകയെന്ന ഉദ്ധേശത്തോടെയാണു പദ്ധതി നടപ്പിലാക്കുന്നത്. മേല്‍വിലാസം മാത്രം രേഖപ്പെടുത്തിയാല്‍ മതിയെന്നതിനാല്‍ പരാതിയുടെ രഹസ്യ സ്വഭാവം നഷ്ടപ്പെടുന്നില്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് പത്തനംതിട്ട മഹിള ശക്തികേന്ദ്രയുമായി ബന്ധപ്പെടുക. ഫോണ്‍: 8330862021, 0468-2329053.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →