സ്വര്‍ണ കളളക്കടത്തുകേസില്‍ എല്ലാവിവരങ്ങളും എം ശിവശങ്കര്‍ അറിഞ്ഞിരുന്നുവെന്ന് കാരണം കാണിക്കല്‍ നോട്ടീസില്‍

തിരുവനന്തപുരം : കാര്‍ഗോ കോംപ്ലക്‌സില്‍ കളളക്കടത്ത്‌ സ്വര്‍ണം അടങ്ങിയ നയതന്ത്ര പാഴ്‌സല്‍ തടഞ്ഞുവച്ചതുമുതല്‍ സ്വപ്‌ന സുരേഷിനെ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ നിരന്തരം വിളിച്ചിരുന്നതായി കസ്റ്റംസ്‌ ആരോപിച്ചു. കസ്‌റ്റംസ്‌ കേസില്‍ നല്‍കിയ നോട്ടീസിലാണ്‌ ഈ ആരോപണം ഉളളത്‌. സന്തോഷ്‌ ഈപ്പന്‍ വാങ്ങിയ ഐഫോണിന്‌ പുറമേ ലാപ്‌ടോപ്പ്‌ ,രണ്ട്‌ വാച്ച്‌ എന്നിവയും ശിവശങ്കറിന്‌ ജന്മദിനസമ്മാനങ്ങളായി സ്വപ്‌ന നല്‍കിയിട്ടുണ്ടെന്നും നോട്ടീസില്‍ പറയുന്നു.

2020 ജൂലൈ 1 നാണ്‌ പാഴ്‌സല്‍ തടഞ്ഞുവയ്‌ക്കുന്നത്‌. അതേ തുടര്‍ന്ന്‌ അറസറ്റ്‌ ഭയന്ന്‌ സ്വപ്‌നയും കുടുംബവും ബംഗളൂരുവിലേക്ക്‌ യാത്ര ചെയ്യുന്നതിനിടെ സ്വപ്‌നയെ വാട്‌സാപ്പുവഴി നിരന്തരം വിളിച്ചിരുന്നതായി ഒപ്പമുണ്ടായിരുന്ന സന്ദീപ്‌ നല്‍കിയ മൊഴിയില്‍ പറയുന്നുണ്ട്‌. സ്വപ്‌നയുട വീട്ടില്‍ നടന്ന പാട്ടികളില്‍ ശിവശങ്കര്‍ പങ്കെടുത്തിരുന്നു. കോണ്‍സല്‍ ജനറലിന്റെ സംശയകരമായ ചില ഇടപാടുകളെപ്പറ്റി അറിഞ്ഞ ഏകവ്യക്തി സ്വപ്‌ന യാണെന്നതിനാലാണ്‌ അവര്‍ക്ക്‌ കോണ്‍സുലേറ്റിലെ ജോലി രാജി വെക്കേണ്ടി വന്നതെന്നും ശിവശങ്കറിന്റെ മൊഴിയില്‍ പറയുന്നു.

കളളക്കടത്ത്‌ നിര്‍ത്തിയാല്‍ വിദേശത്തെ സ്റ്റാര്‍ട്ടപ്പില്‍ ജോലി ശരിയാക്കി തരമെന്ന്‌ ശിവശങ്കര്‍ വാഗ്‌ദാനം ചെയ്‌തിരുന്നതായി സരിത്തിന്റെ മൊഴിയിലുണ്ട്‌. സാനിറ്ററി വെയര്‍ ഡീലര്‍ഷിപ്പ്‌ ശരിയാക്കിത്തരാമെന്ന്‌ സരിത്തിന്‌ ശിവശങ്കര്‍ വാഗ്‌ദാനം നല്‍കിയെന്ന മൊഴി മുഖ്യമന്ത്രിയുടെ മുന്‍ ഐടി ഫെലോ അരുണ്‍ ബാലചന്ദ്രന്‍ ശരിവയ്‌ക്കുന്നു. അതേസമയം കോണ്‍സുലേറ്റില്‍ ചില രഹസ്യ ഇടപാടുകള്‍ നടക്കുന്നുവെന്ന്‌ സ്വപ്‌ന സൂചിപ്പിച്ചതല്ലാതെ കോണ്‍സുലേറ്റ്‌ വഴി നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായി ഒരു സൂചനയും തനിക്ക്‌ ലഭിച്ചിട്ടില്ലെന്നാണ്‌ ശിവശങ്കറിന്റെ മൊഴി.

Share
അഭിപ്രായം എഴുതാം