റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഒറ്റപ്പാലം കോടതി കെട്ടിടം പൊളിക്കുന്നതില്‍ പ്രതിഷേധം ശക്തമാകുന്നു

June 18, 2021 - 9:11 am

പാലക്കാട്‌: നൂറ്റി അമ്പത്‌ വര്‍ഷക്കാലത്തോളം പഴക്കമുളള ഒറ്റപ്പാലത്തെ കോടതി സമുച്ചയം പൊളിക്കാതെ പൈതൃക മ്യൂസിയമാക്കണമെന്ന ആവശ്യം പരിശോധിക്കാന്‍ കേന്ദ്ര പുരാവസ്‌തു വകുപ്പിന്റെ ശുപാര്‍ശ. .ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ്‌ ഇന്ത്യ തൃശൂര്‍ സര്‍ക്കിള്‍ സൂപ്രണ്ടിംഗ്‌ ആര്‍ക്കിയോളജിസറ്റ്‌ കെപി മോഹന്‍ദാസ്‌, തിരുവനന്തപുരത്തെ ആര്‍ട്ട്‌ ആന്റ് ഹെറിറ്റേജ്‌ കമ്മീഷനും പാലക്കാട്‌ കളക്ടര്‍ക്കും ഇതുസംബന്ധിച്ച് കത്തയച്ചു. ക്ഷയിച്ചുതുടങ്ങിയ കെട്ടിടം പൊളിച്ച്‌ 23.35 കോടി രൂപ ചെലവില്‍ ഏഴുനിലകളിലുളള കോടതി സമുച്ചയം നിര്‍മ്മിക്കാനാണ്‌ നീക്കം. 1921 ഏപ്രില്‍ 23ന്‌ ആദ്യ കെപിസിസി സമ്മേളനം നടന്നത്‌ ഒറ്റപ്പാലത്തായിരുന്നു. മലബാറിലെയും തിരുവിതാംകൂറിലെയും കൊച്ചിയിലെയും നേതാക്കള്‍ ഒത്തുകൂടിയ ഈ സമ്മേളനമാണ്‌ ഐക്യ കേരളം എന്ന സ്വപ്‌നത്തിന്‌ വഴിതെളിച്ചത്‌.

സമ്മേളനത്തില്‍ പങ്കെടുത്തവരെ ബ്രിട്ടീഷ്‌ പോലീസ്‌ അറസ്‌റ്റ് ചെയ്‌ത്‌ വിചാരണ ചെയ്‌തത്‌ ഈ കേടതിയിലായിരുന്നു. അയ്യായിരത്തോളം പേരാണ്‌ സമ്മേളനത്തില്‍ പങ്കെടുത്തിരുന്നത്‌. ആദ്യ കെപിസിസി സമ്മേളനത്തിന്റെ നൂറാം വാര്‍ഷിക വേളയിലാണ്‌ ഇതിന്റെ ചരിത്ര അവശേഷിപ്പ്‌ പൊളിക്കാനുളള ശ്രമം നടക്കുന്നത്‌. സംസ്ഥാനത്ത്‌ ഒരിടത്തും കെപിസിസി സമ്മേളന ചരിത്രം രേഖപ്പടുത്തുന്ന അവശേഷിപ്പുകള്‍ ഇല്ല. ഒന്നര നൂറ്റാണ്ടിലേറെ പഴക്കമുണ്ട്‌ ഒറ്റപ്പാലം കോടതിക്ക്‌. 1792ലെ ശ്രീരംഗ പട്ടണം ഉടമ്പടി പ്രകാരം ഒറ്റപ്പാലം ഉള്‍പ്പെടുന്ന പ്രദേശങ്ങള്‍ ബ്രിട്ടീഷ്‌ കമ്പനിക്ക്‌ കീഴിലാവുകയും,ബ്രട്ടീഷുകാര്‍ ചെര്‍പ്പുളശേരി ആസ്ഥാനമാക്കി കോടതി സ്ഥാപിക്കുകയും ചെയ്‌തു. ജസ്‌റ്റീസ്‌ മാധവന്‍നായര്‍ ,എഴുത്തുകാരനായിരുന്ന ജസ്റ്റീസ്‌ ഒയ്യാരത്ത്‌ ചന്ദുമേനോന്‍, ജസ്‌റ്റീസ്‌മാരായ ഫാത്തിമ ബീവി, പി ജാനകിയമ്മ, എ.ഹരിപ്രസാദ്‌ തുടങ്ങി പ്രമുഖ ന്യായാധിപന്മാരുടെയും അഭിഭാഷകരുടെയും കര്‍മ രംഗമായിരുന്നു ഈ കോടതി.

പുരാവസ്‌തു സംരക്ഷണ നിയമ പ്രകാരം നൂറുവര്‍ഷമോ അതിലധികമോ പഴക്കമുളള കെട്ടിടങ്ങള്‍ സംരക്ഷിക്കണം. അതിനാല്‍ പഴയ കോടതി പൊളിക്കരുതെന്ന ആവശ്യം ശക്തമാണ്‌. ഈ ചരിത്ര സ്‌മാരകം നില നിര്‍ത്തി പുതിയ സമുച്ചയത്തിനുളള സാദ്യതകള്‍ പഠിക്കണം . ഒറ്റപ്പാലം സിവില്‍ സ്റ്റേഷനോട്‌ ചേര്‍ന്ന കാഞ്ഞിരപ്പുഴ ഇറിഗേഷന്‍ പദ്ധതിയുടെ ഒന്നരയേക്കര്‍ സ്ഥലം ഇതിനായി ഉപയോഗിക്കാന്‍ കഴിയും. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനം സ്ഥാപിച്ച കോടതി പൈതൃക സ്‌മാരകമായി സംരക്ഷിക്കണമെന്നും ഹിസ്റ്ററി ക്ലബ്‌ പ്രസിഡന്റ് മോഹന്‍ മാട്ടുമന്ത ആവശ്യപ്പെട്ടു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *