റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കാട്ടിലെ തടി തേവരുടെ ആന; മരം കൊളളയിൽ പോറലേൽക്കുന്നത് സിപിഐ യുടെ ഹരിത പക്ഷ നിലപാടുകൾക്ക്

June 13, 2021 - 2:31 pm

തിരുവനന്തപുരം: മുട്ടിൽ മരം മുറിയിൽ ഒന്നാം പിണറായി സർക്കാരിന്റെ കാലത്തെ വനം – റവന്യൂ വകുപ്പുകൾ പ്രതിക്കൂട്ടിൽ നിൽക്കുമ്പോൾ പോറലേൽക്കുന്നത് സി പി ഐ ക്കും അവർ നാളിതുവരെ സ്വീകരിച്ചു വന്ന ഹരിത പക്ഷ നിലപാടുകൾക്കും. ‘കാട്ടിലെ തടി തേവരുടെ ആന’ എന്ന മട്ടിൽ വളരെ നിരുത്തരവാദപരമായ ഒരുത്തരവിറക്കിയതിന്റെ പാപഭാരത്തിൽ നിന്നും രാഷ്ട്രീയ നേതൃത്വത്തിനും ഒഴിഞ്ഞു മാറാനാകില്ല.

മുട്ടിൽ മരം മുറിയുമായി ബന്ധപ്പെട്ട് പുറത്തു വരുന്ന തെളിവുകളെല്ലാം വിരൽ ചൂണ്ടുന്നത് കൈക്കൂലിയുടെയും കമ്മീഷന്റെയും ജീർണിച്ച ഇടപാടുകളിലേക്കാണ്. വനംകൊള്ളക്കാരുടെ സഹായികളും അഭ്യുദയകാംഷികളുമായി വനംവകുപ്പിലെ ഒരു വിഭാഗം ഉദ്യോഗസ്ഥർ മാറിയത് കണ്ടെത്താനോ തിരുത്താനോ മന്ത്രിയ്ക്കും രാഷ്ട്രീയ നേതൃത്വത്തിനും സാധിച്ചില്ല.

അതേസമയം; മരം വെട്ട് സംഭവം വിവാദമായ പശ്ചാത്തലത്തില്‍ മലപ്പുറം നിലമ്പൂരിലും പരിശോധന, ശക്തമാക്കിയിരിക്കുകയാണ്. അന്വേഷണത്തിന്റെ ഭാഗമായി നിലമ്പൂര്‍ വനം ഓഫീസുകളില്‍ പ്രത്യേക അന്വേഷണസംഘം പരിശോധന നടത്തി. കഴിഞ്ഞ ദിവസം റവന്യു വകുപ്പ് പതിച്ച് നല്‍കിയ എടവണ്ണ വനം റെയ്ഞ്ചിലെ, കൊടുമ്പുഴ വനം സ്‌റ്റേഷന്‍ പരിധിയില്‍ നിന്ന് 13 കുറ്റി തേക്ക് മരങ്ങള്‍ വെട്ടിയത് പിടിച്ചെടുത്ത് കേസെടുത്തിരുന്നു. ഈ സാഹചര്യത്തിലാണ് ജില്ലയിലും പരിശോധന കര്‍ശനമാക്കിയിരിക്കുന്നത്.

നിലമ്പൂര്‍ മേഖലയില്‍ വനം വകുപ്പ് പതിച്ചു നല്‍കിയ ഭൂമി സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ നിലമ്പൂര്‍ തഹസില്‍ദാറില്‍ നിന്ന് ശേഖരിക്കുന്നുണ്ട്. ഇതിനായി തഹസില്‍ദാര്‍മാര്‍ക്ക് കത്ത് നല്‍കിയിട്ടുണ്ട്. ഇത്തരം ഭൂമിയുണ്ടെങ്കില്‍ അവയുടെ സര്‍വേ നമ്പറുകള്‍ ലഭ്യമാകുന്ന മുറക്ക് കൂടുതല്‍ പരിശോധനകള്‍ നടത്താനാണ് തീരുമാനം. ഇതുമായി ബന്ധപ്പെട്ട് ജില്ലയില്‍ വിശദമായ അന്വേഷണത്തിനൊരുങ്ങുകയാണ് വനം വകുപ്പ്.

വനം ഓഫീസുകള്‍ കേന്ദ്രീകരിച്ചാണ് നിലവില്‍ പരിശോധന നടത്തുന്നത്. മില്ലുകളോ മറ്റു കേന്ദ്രങ്ങളോ കേന്ദ്രീകരിച്ച് വിവരങ്ങള്‍ ലഭ്യമാക്കാനുള്ള ശ്രമങ്ങളും അന്വേഷണ സംഘം നടന്നുവരുകയാണ്. ജില്ലയുടേതുള്‍പ്പെടെ അന്വേഷണ ചുമതലയുള്ള ഡിഎഫ്ഒ രാജു കെ ഫ്രാന്‍സിസ്, കാസര്‍ഗോഡ് മുതല്‍ എറണാകുളം വരെയുള്ള ജില്ലകളില്‍ വിജിലന്‍സ് കണ്‍സര്‍വേറ്ററെ സഹായിക്കുന്ന കോഴിക്കോട് വിജിലന്‍സ് ഡിഎഫ്ഒ ധനേഷ് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് നിലമ്പൂരില്‍ പരിശോധന നടക്കുന്നത്. സംസ്ഥാനം മൊത്തം അഞ്ചു ടീമുകളാക്കി തിരിച്ചാണ് അന്വേഷണം നടന്നുവരുന്നത്.

പട്ടയഭൂമികളില്‍ അനധികൃതമായി നടത്തിയ മരംകൊള്ള പുറത്തുവരാതിരിക്കാന്‍ കുറ്റികള്‍ കത്തിച്ച് നശിപ്പിക്കുന്ന പ്രവണത വ്യപകമാകുകയാണ്. മച്ചാട് റേഞ്ചിലെ അകമല, പങ്ങാരപ്പിള്ളി എളനാട് സ്റ്റേഷന്‍ പരിധിയിലും ഇത്തരത്തില്‍ നാല്‍പ്പതോളം മരക്കുറ്റികള്‍ കത്തിനശിച്ചിട്ടുള്ളതായി കണ്ടെത്തി. അകമലയില്‍ കുറ്റിക്കത്തിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. കുറ്റിയുടെ മുകളില്‍ ചപ്പ്ചവറിട്ട ശേഷം അതിന് മുകളില്‍ പഞ്ചസാരയിട്ട് ബ്ലോവര്‍ ഉപയോഗിച്ച് വേരടക്കമാണ് കത്തിച്ച് കളയുന്നത്. ഇങ്ങനെ കത്തിക്കുന്നത് വഴി അഥവ മരം കണ്ടെടുത്താലും അത് വനഭൂമില്‍ നിന്ന് മുറിച്ചതാണെന്ന് തെളിയിക്കാന്‍ സാധിക്കാതെ വരും. ഇത്തരത്തില്‍ പലയിടത്തും കുറ്റികള്‍ കത്തി നശിച്ചിട്ടുള്ളതായും മരം വെട്ടിമാറ്റിയതായും കണ്ടെത്തിയിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *