റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സംസ്ഥാനം പിരിച്ചെടുക്കാനുളള റവന്യൂ കുടിശിക 20,000 കോടിരൂപ

June 12, 2021 - 10:56 am

തിരുവനന്തപുരം: സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴും പിരച്ചെടുക്കാനുളള റവന്യൂ കുടിശിക 20,146.39 കോടി രൂപയാണ്‌. ഇത്‌ പിരിച്ചെടുക്കുന്നതില്‍ സര്‍ക്കാര്‍ കടുത്ത അലംഭാവം തുടരുകയാണെന്ന്‌ കംപ്‌ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍ (സിഎജി) റിപ്പോര്‍ട്ടു ചെയ്യുന്നു. ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ നിയമ സഭയില്‍ സമര്‍പ്പിച്ച 2018-19 സാമ്പത്തിക വര്‍ഷത്തെ റവന്യൂ വരുമാനത്തെക്കുറിച്ചുളള സിഎജി റിപ്പോര്‍ട്ടിലാണ്‌ കെടുകാര്യസ്ഥതയെക്കുറിച്ചുളള പരാമര്‍ശം. കുടിശികയില്‍ 5,765.84 കോടി രൂപ തൊട്ടുമുമ്പുളള അഞ്ചുവര്‍ഷത്തിലേറെ കാലമായി പിരിക്കാത്തതാണ്‌ .

ജിഎസ്‌ടി നടപ്പാക്കിയതിലും വീഴ്‌ച ഉണ്ടായിട്ടുണ്ടെന്ന്‌ റിപ്പോര്‍ട്ട്‌ കുറ്റപ്പെടുത്തുന്നു. സംസ്ഥാനത്തിന്റെ ആകെ റവന്യൂ വരുമാനത്തിന്റെ 22 ശതമാനമാണ്‌ ഈ കുടിശിക. ഇതില്‍ 5564.64 കോടിരൂപ (27.62%) സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്നും പിരിച്ചെടുക്കാനുളളതാണ്‌. 11 വകുപ്പുകളിലായി അഞ്ചുവര്‍ഷത്തിലേറെയായുളള കുടിശികയാണിത്‌. എക്‌സൈസ്‌ വകുപ്പിന്റെ 1952 മുതലുളള കുടിശികയും ഇതിലുള്‍പ്പെടും. കൃത്യമായി റവന്യൂ വകുപ്പിന്‌ റിപ്പോര്‍ട്ടുചെയ്യാതിരിക്കുക, വസൂലാക്കുന്നതിനായി ബന്ധപ്പെട്ട വകുപ്പുകള്‍ തുടര്‍ നടപടിയെടുക്കാതിരിക്കുക, എന്നിവയാണ്‌ കുടിശിക വര്‍ദ്ധിക്കാന്‍ പ്രധാന കാരണം.

2018-19ല്‍ സംസ്ഥാനത്തിന്റെ മൊത്തം റവന്യൂ വരുമാനം മുന്‍ വര്‍ഷത്തെ 83,020 .14 കോടിയില്‍നിന്ന്‌ 92854.48 കോടിയായി ഉയര്‍ന്നിരുന്നു. ഇതില്‍ 50,644.11 കോടി രൂപ നികുതി വരുമാനമാണ്‌ ബാക്കിയില്‍ 11783.24 കോടിരൂപ നികുതിയേതര വരുമാനവും. 19,048.17 കോടിരൂപ കേന്ദ്രനികുതുകളുടെ സംസ്ഥാന വിഹിതവും, 11388.96കോടിരൂപ കേന്ദ്രസഹായവും. 2018-19 കാലയളവില്‍ ജിഎസ്‌ടി വകുപ്പ്‌ 185 യൂണിറ്റുകളില്‍ 101 എണ്ണം പരിശോധനാവിധേയമാക്കിയപ്പോള്‍ 198.07 കോടി രൂപയുടെ കുറഞ്ഞ നികുതി നിര്‍ണയമടക്കമുളള ക്രമക്കേടുകള്‍ കണ്ടെത്തിയിരുന്നു. ജിഎസ്‌ടി ആരംഭിച്ച 2017 ജൂലൈ മുതല്‍ 2019 മാച്ചുവരെയുളള ജിഎസ്‌ടി വരുമാനം 52,672 കോടിരൂപയാണ്‌. എന്നാല്‍ വ്യാപാരികള്‍ അധിക ക്രെഡിറ്റ്‌ വസൂലാക്കുന്നതടക്കമുളള നിരവധി ക്രമക്കേടുകള്‍ നടന്നതായും സിഎജി റിപ്പോര്‍ട്ട്‌ ചൂണ്ടിക്കാട്ടുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *