റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കണ്ണൂര്‍ കോട്ട അഴിമതിയില്‍ നിന്ന് എപി അബ്ദുളളക്കുട്ടിക്ക്‌ രക്ഷപെടാന്‍ കഴിയില്ലെന്ന സിപിഎം ജില്ലാ സെക്രട്ടറി എംവി ജയരാജന്‍

June 8, 2021 - 8:51 am

കണ്ണൂര്‍: കണ്ണൂര്‍ കോട്ടയിലെ ലൈറ്റ്‌ ആന്റ് സൗണ്ട്‌ ഷോ അഴിമതിയില്‍ നിന്ന്‌ ബിജെപി ഉപാദ്ധ്യക്ഷന്‍ എപി അബ്ദുളളക്കുട്ടിയെ പോലീസും സിപിഎമ്മും വെറുതെ വിടില്ലെന്നും, അബ്ദുളളക്കുട്ടിക്ക്‌ ആരോണത്തില്‍ നിന്ന്‌ കൈകഴുകി രക്ഷപെടാന്‍ കഴിയില്ലെന്നും സിപിഎം ജില്ലാ സെക്രട്ടറി എംവി ജയരാജന്‍.കുറ്റക്കാരനെന്നു വന്നപ്പോള്‍ കൂട്ടുപ്രതിയുടെ മേല്‍ കുറ്റം ചുമത്തി രക്ഷപെടാനാണ്‌ അബ്ദുളളക്കുട്ടിയുടെ ശ്രമമെന്നും ജയരാജന്‍ ആരോപിച്ചു. അഴിമതി നടന്നുവെന്ന കാര്യം അബ്ദുളളക്കുട്ടിതന്നെ വിജിലന്‍സിന്‌ മുമ്പാകെ സമ്മതിച്ചിട്ടുളളതാണ്‌. അഴിമതിയില്‍ മുന്‍ ടൂറിസം മന്ത്രിക്കും എംഎല്‍എയ്‌ക്കും പങ്കുണ്ടെന്നും പദ്ധതിയുടെ പേരില്‍ ഉദ്യോഗസ്ഥരെ കൂട്ടുപിടിച്ച്‌ ഇവര്‍ നടത്തിയത്‌ കൂട്ടുകൃഷിയാണെന്നും ജയരാജന്‍ ആരോപിച്ചു.

കൂടിയ നിരക്ക്‌ ക്വട്ടേഷന്‍ ചെയ്‌ത കമ്പനിക്ക്‌ കരാര്‍ നല്‍കാനും പണിപൂര്‍ത്തീകരിക്കാതെ ഉദ്‌ഘാടനം ചെയ്യാനും മുന്‍കൈ എടുത്തത്‌ അന്നത്തെ എംഎല്‍എയും ടൂറിസം മന്ത്രിയും ആയിരുന്നുവെന്ന്‌ സിപിഎം ആരോപിക്കുന്നു. ലൈറ്റ്‌ ആന്റ് സൗണ്ട് ഷോയുടെ എല്ലാ അഴിമതിക്കും നേതൃത്വം കൊടുത്ത ആളാണ്‌ അന്നത്തെ ടൂറിസം മന്ത്രിയെന്നാണ്‌ മുന്‍ എംഎല്‍എ വിജിലന്‍സിന്‌ കൊടുത്ത മൊഴി. 2016ല്‍ തെരഞ്ഞെടുപ്പ്‌ തീയതി പ്രഖ്യാപിച്ചതിന്റെ തലേന്നാളാണ്‌ ലൈറ്റ്‌ ആന്റ് സൗണ്ട്‌ ഷോയുടെ ഉദ്‌ഘാടനം അന്നത്ത മുഖ്യമന്ത്രി നിര്‍വഹിച്ചത്‌.
എന്നാല്‍ അതിന്‌ ശേഷം ഏകദിന പരിപാടി നടത്തുകയും ഉപകരണങ്ങള്‍ മുഴുവന്‍എടുത്തുകൊണ്ടുപോവുകയും ചെയ്‌തു.2011ല്‍ ഡിടിപിസി സെക്രട്ടറിയുടെ പുതിയ നിയമനത്തിന്‌ അപേക്ഷ ക്ഷണിക്കുകയും ഇന്റര്‍വ്യൂ നടത്തി ലിസ്‌റ്റ്‌ പ്രസിദ്ധീകരിക്കുകയും ചെയ്‌തിരുന്നു. എന്നാല്‍ എംഎല്‍എയുടെ സില്‍ബന്ധിയായ ആള്‍ ലിസ്‌റ്റില്‍ നാലാമതായി പോയതിനാല്‍ റാങ്ക്‌ ലിസ്‌റ്റ്‌ റദ്ദാക്കുകയായിരുന്നു. പിന്നീട്‌ പുതിയ അപേക്ഷ ക്ഷണിക്കുകയും ഇന്റര്‍വ്യൂ എന്ന പ്രഹസനം നടത്തി സ്വന്തം ഇഷ്ടക്കാരനെ നിയമിക്കുകയും ചെയ്യുകയായിരുന്നു. യുഡിഎഫ്‌ ഭരണം അവസാനിക്കുന്നതുവരെ അദ്ദേഹം സെക്രട്ടറിയായി തുടരുകയും ചെയ്‌തിരുന്നു.

ആകാലഘട്ടത്തില്‍ ഗുണനിലവാരം കുറഞ്ഞ ഉപകരണങ്ങള്‍ക്ക് വന്‍തുക കണക്കില്‍ കാണിച്ചു. കരാര്‍ തുക 3.58 കോടിയായിരുന്നു. 50 ശതമാനം തുക കരാര്‍ കമ്പനിക്ക്‌ അഡ്വാന്‍സ്‌ നല്‍കുകയും ചെയ്‌തിരുന്നു. ഇതെല്ലാം അന്നത്തെ എംഎല്‍എ നിര്‍ബന്ധിച്ചതുകൊണ്ടാണെന്ന്‌ ഡിടിപിസി ഫയല്‍ പരിശോധിച്ചാല്‍ കാണാന്‍ കഴിയുമെന്നും സിപിഎം ജില്ലാ സെക്രട്ടറി പറഞ്ഞു. അഴിമതിക്കാരായ എല്ലാവരേയും നിയമത്തിന്‍റെ മുമ്പില്‍ കൊണ്ടുവരികയാണ്‌ വേണ്ടതെന്ന്‌ ജയരാജന്‍ ആവശ്യപ്പെട്ടു. ഇതോടെ അബ്ദുളളക്കുട്ടിയെ കുടുക്കാനാണ് ഈ കേസെന്നും വ്യക്തമായി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *