ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ജിബി പന്ത് ആശുപത്രിയില്‍ നഴ്‌സുമാര്‍ മലയാളം സംസാരിക്കുന്നതിന് വിലക്കേര്‍പ്പെടുത്തി. നഴ്‌സിംഗ് സൂപ്രണ്ടാണ് ഉത്തരവിറക്കിയത്. ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രമേ സംസാരിക്കാന്‍ പാടുളളുവെന്നും അല്ലെങ്കില്‍ നടപടി സ്വീകരിക്കുമെന്നാണ് ഉത്തരവില്‍ പറയുന്നത്. മലയാളം സംസാരിക്കുന്നത് രോഗികള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുന്നെന്ന് പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് നടപടിയെന്ന് ഉത്തരവില്‍ പറയുന്നു.
അതേസമയം മലയാളി നഴ്‌സ്‌മാരോട് സൂപ്രണ്ടിനുളള വിരോധമാണ് നീക്കത്തിന് പിന്നിലെന്ന് മലയാളി നഴ്‌സുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. രണ്ടുവര്‍ഷമായി കേരളത്തില്‍ നിന്നുളള നഴ്‌സുമാരെ കോവിഡ് ഡ്യൂട്ടിക്ക് മാത്രമേ ഇടാറുളളുവെന്നും, വടക്കേ ഇന്ത്യയില്‍ നിന്നുളളവരില്‍ ഈ ഡ്യൂട്ടി കിട്ടാത്തവരുണ്ടെന്നും മലയാളി നഴ്‌സുമാര്‍ പറഞ്ഞു. പഞ്ചാബ്,ഹരിയാന, രാജസ്ഥാന്‍,മിസോറാം തുടങ്ങി വിവിധ ഭാഗങ്ങളില്‍ നിന്നുളളവര്‍ ആശുപത്രി ജീവനക്കാരായി ഉണ്ടെന്നും അവരെല്ലാം പ്രാദേശിക ഭാഷയില്‍ തന്നെയാണ് സംസാരിക്കുന്നതെന്നും നഴ്‌സുമാര്‍ ചൂണ്ടിക്കാട്ടി.



