ന്യൂഡല്‍ഹി : നീക്കം ചെയ്ത മണിക്കൂറുകള്‍ക്കകം ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്റെ ഉള്‍പ്പെടെ മറ്റ് നേതാക്കളുടേയും അക്കൗണ്ടിലെ ബ്ലൂ ബാഡ്ജ് ട്വിറ്റര്‍ പുനഃസ്ഥാപിച്ചു. വെങ്കയ്യ നായിഡുവിന്റെ സ്വകാര്യ ട്വിറ്റര്‍ അക്കൗണ്ടിലെ ബ്ലൂ ബാഡ്ജാണ് നേരത്തെ ട്വിറ്റര്‍ പിന്‍വലിച്ചത്. തുടര്‍ന്ന് സംഭവം വാര്‍ത്തയായപ്പോള്‍ പുനഃസ്ഥാപിക്കുകയായിരുന്നു. എന്നാല്‍ ഇത് അസ്വാഭാവിക നടപടിയല്ലെന്നും യഥാസമയം വേരിഫിക്കേഷന് നടപടി പൂര്‍ത്തിയാക്കാത്തതുകൊണ്ടാണ് ഇതുണ്ടായതെന്നും ട്വിറ്റര്‍ പ്രതികരിച്ചു. ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവത് ഉള്‍പ്പെടെയുള്ള നേതാക്കളുടെ അക്കൗണ്ടുകളിലെ ബ്ലൂ ബാഡ്ജും പുനഃസ്ഥാപിച്ചു. മോഹന്‍ ഭഗവത്, ജോയിന്റ് ജനറല്‍ സെക്രട്ടറി കൃഷ്ണ ഗോപാല്‍, അരുണ്‍ കുമാര്‍, മുന്‍ ജനറല്‍ സെക്രട്ടറി സുരേഷ് ജോഷി, സമ്പര്‍ക്ക് പ്രമുഖ് അനിരുദ്ധ് ദേശ്പാണ്ഡെ എന്നിവരുടെ അക്കൗണ്ടുകളുടെ ബ്ലൂ ടിക്കാണ് പുനഃസ്ഥാപിച്ചത്.




