അഴിമതി നടന്നിട്ടുണ്ട്; തനിക്ക് പങ്കില്ല; വീട്ടിൽ നടന്നത് റെയ്ഡല്ല, എ പി അബ്ദുള്ളക്കുട്ടി

കണ്ണൂർ : വീട്ടില്‍ വിജിലന്‍സ് എത്തിയത് റെയ്ഡിനല്ലെന്നും ഒരു പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായി വന്നതാണെന്നും ബിജെപി നേതാവ് എപി അബ്ദുള്ളക്കുട്ടി. യുഡിഎഫ് ഭരണ കാലത്ത് താന്‍ എംഎല്‍എയായിരിക്കെ കണ്ണൂരില്‍ സംഘടിപ്പിച്ച ഒരു പരിപാടിയിലെ അഴിമതിയുമായി ബന്ധപ്പെട്ടാണ് വിജിലന്‍സ് എത്തിയതെന്ന് 04/06/21 വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് അബ്ദുല്ലക്കുട്ടി പറഞ്ഞു. യുഡിഎഫ് കാലത്തെ ടൂറിസം മന്ത്രിയായിരുന്ന അനില്‍ കുമാറിന് ഇതില്‍ പങ്കുണ്ടെന്നും എപി അബ്ദുല്ലക്കുട്ടി പറയുന്നു.

“കണ്ണൂര്‍ സെന്റ് ആഞ്ചിലോസ് ഫോര്‍ട്ട് കേരളത്തിലെ ഏറ്റവും ചരിത്ര പ്രസിദ്ധമായ ടൂറിസ്റ്റ് കേന്ദ്രമാണ്. പക്ഷെ അത് നമ്മുടെ ടൂറിസം ഭൂപടത്തില്‍ വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല. ഞാന്‍ എംഎല്‍എ ആയിരുക്കുമ്പോഴാണ് അവിടെ ഒരു ലൈറ്റ് ആന്റ് സൗണ്ട് ഷോ കൊണ്ടുവരണമെന്ന പ്രപ്പോസല്‍ മുന്നോട്ട് വച്ചത്. അത് സര്‍ക്കാര്‍ ബജറ്റില്‍ തന്നെ ഉള്‍പ്പെടുത്തി. ടൂറിസം വകുപ്പ് അത് നടപ്പിലാക്കാന്‍ തീരുമാനിച്ചു. വലിയ ആഘോഷമായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വന്ന് ഉദ്ഘാടനം ചെയ്തു. ദു:ഖകരമെന്ന് പറയാം രണ്ടാഴ്ച പോലും ആ ഷോ നടന്നില്ല. ഇപ്പോള്‍ വിജിലന്‍സ് വന്നപ്പോഴാണ് ഞാന്‍ തന്നെ അതിന്റെ സത്യങ്ങള്‍ മനസ്സിലാക്കുന്നത്.

യഥാര്‍ത്ഥത്തില്‍ അന്ന് മന്ത്രിയായിരുന്ന അനില്‍കുമാര്‍ ഏല്‍പ്പിച്ച ഈ കരാര്‍ സംഘം കേരളത്തിലെ ടൂറിസം രംഗത്ത് നടത്തിയ ഏറ്റവും വലിയ കൊള്ളയാണിത്. ഇതു സംബന്ധിച്ച് കൃത്യമായ അന്വേഷണം നടത്തണമെന്നാണ് വ്യക്തിപരമായ എന്റെ അഭിപ്രായം. ഇത്തരം പ്രൊജക്റ്റുള്‍ക്ക് പ്രൊപ്പോസല്‍ കൊടുക്കാന്‍ മാത്രമേ എംഎല്‍എയ്ക്ക് സാധിക്കൂ. അതിന്റെ കാര്യങ്ങള്‍ തീരുമാനിക്കുന്നത് വകുപ്പുകളാണ്. ഏതോ ഒരു ഇവന്റ് മാനേജ്‌മെന്റ് കമ്പനിയെ കൊണ്ടു വന്ന് ലൈറ്റ് ആന്റ് സൗണ്ട് ഷോ നടത്തി. പിന്നീട് അതിന്റെ സംഭവങ്ങളെല്ലാം ഊരിക്കൊണ്ടുപോയി. കോടികളുടെ പദ്ധതി നടത്തിയിട്ട് പൂര്‍ണമായും കൊള്ളയടിക്കപ്പെട്ടു. അവരെ നിയമത്തിന്റെ മുന്നില്‍ കൊണ്ടു വരണം. എന്റെ കൈ ശുദ്ധമാണ്. ഇനി അഥവാ എനിക്കെന്തെങ്കിലും കുറ്റമുണ്ടെങ്കില്‍ ഞാനും നിയമത്തിനു മുന്നില്‍ ശിക്ഷിക്കപ്പെടണമെന്നാണ് എന്റെ അഭിപ്രായം.’ അബ്ദുല്ലക്കുട്ടി പറഞ്ഞു.

Share
അഭിപ്രായം എഴുതാം