കൊൽക്കത്ത: രാജ്യത്തെ കോവിഡ് സാഹചര്യം ചർച്ച ചെയ്യുന്നതിന് പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ചുചേർത്ത യോഗത്തിൽ പ്രധാനമന്ത്രിയല്ലാതെ മറ്റാർക്കും സംസാരിക്കാൻ അവസരം നൽകിയില്ലെന്നും അപമാനിക്കപ്പെട്ടതായും പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി.
20/05/21 വ്യാഴാഴ്ച നടന്ന യോഗത്തെ കുറിച്ചാണ് മമതയുടെ ആക്ഷേപം. പ്രധാനമന്ത്രിയുടെ ക്ഷണം സ്വീകരിച്ചാണ് യോഗത്തിൽ പങ്കെടുത്തത്. എന്നിട്ടും പങ്കെടുത്ത ആർക്കും സംസാരിക്കാൻ അവസരം നൽകിയില്ല. ബി.ജെ.പി മുഖ്യമന്ത്രിമാർക്ക് മാത്രം സംസാരിക്കാൻ അവസരം നൽകിയെന്നും അവർ ആരോപിച്ചു.
പ്രധാനമന്ത്രി നരേന്ദ്രമോദി ഒരു ചെറിയ പ്രസംഗം നടത്തി. അതിനുശേഷം യോഗം അവസാനിപ്പിക്കുകയായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഞങ്ങൾക്കെല്ലാവർക്കും അപമാനിക്കപ്പെട്ടതുപോലെ തോന്നി. കോവിഡ് വാക്സിനെക്കുറിച്ചോ റെംഡിസിവിറിനെക്കുറിച്ചോ ചോദിച്ചില്ല. ബ്ലാക്ക് ഫംഗസ് കേസുകളെക്കുറിച്ചും ചോദിച്ചില്ല -അവർ പറഞ്ഞു.