റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: ശനിയും ഞായറും ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണം

April 23, 2021 - 9:23 pm

തിരുവനന്തപുരം: ശനിയാഴ്ചയും ഞായറാഴ്ചയും സംസ്ഥാനത്ത് ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങളാവും ഉണ്ടാവുകയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഇതിനു ശേഷമുള്ള ക്രമീകരണങ്ങളെ സംബന്ധിച്ച് തിങ്കളാഴ്ച ചേരുന്ന രാഷ്ട്രീയ കക്ഷികളുടെ യോഗത്തിൽ ചർച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. 24നും 25നും അനാവശ്യ യാത്രകളും പരിപാടികളും അനുവദിക്കില്ല. നേരത്തെ നിശ്ചയിച്ച വിവാഹങ്ങൾ നടത്താം. ഹാളുകളിൽ 75 പേർക്കും തുറസായ സ്ഥലങ്ങളിൽ 150 പേർക്കുമായിരിക്കും പ്രവേശനം. പങ്കെടുക്കുന്നവരുടെ എണ്ണം ഇതിലും കുറയ്ക്കാൻ ബന്ധപ്പെട്ടവർ ശ്രദ്ധിക്കണം. മരണാനന്തരചടങ്ങുകളിൽ പരമാവധി 50 പേർക്ക് പങ്കെടുക്കാം. വിവാഹത്തിൽ പങ്കെടുക്കാൻ പോകുന്നവർ തിരിച്ചറിയൽ കാർഡും വിവാഹ ക്ഷണക്കത്തും കൈയിൽ കരുതണം. വിവാഹം, മരണം മുതലായ ചടങ്ങുകൾ, ഏറ്റവും അടുത്ത ബന്ധുവായ രോഗിയെ സന്ദർശിക്കൽ, മരുന്ന്, ഭക്ഷണം എന്നിവയ്ക്കായി യാത്ര ചെയ്യാൻ അനുവാദമുണ്ട്. എന്നാൽ, ഇവർ സ്വന്തമായി തയ്യാറാക്കിയ സത്യപ്രസ്താവനയും കൈയ്യിൽ കരുതണം. ഇതിന് പ്രത്യേക മാതൃക ഇല്ല.

ട്രെയിൻ, വിമാനം എന്നിവയിൽ എത്തുന്നവർ തിരിച്ചറിയൽ കാർഡിനൊപ്പം ബോർഡിംഗ് പാസ്/ ടിക്കറ്റ് കാണിക്കണം. ഹോട്ടലുകൾക്കും റസ്‌റ്റോറന്റുകൾക്കും ഹോം ഡെലിവറി നടത്താം. അത്യാവശ്യ ഘട്ടങ്ങളിൽ ഹോട്ടലുകളിൽ പോയി പാഴ്‌സൽ വാങ്ങാം. ഇങ്ങനെ പോകുന്നവർ കൈയിൽ സത്യപ്രസ്താവന കരുതണം.
വീടുകളിൽ മത്സ്യം എത്തിച്ച് വിൽപന നടത്തുന്നതിന് തടസമില്ല. എന്നാൽ കച്ചവടക്കാർ മാസ്‌ക്ക് ധരിക്കുകയും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുകയും വേണം. ടെലികോം, ഐടി, ആശുപത്രികൾ, മാധ്യമസ്ഥാപനങ്ങൾ, പാൽ, പത്രവിതരണം, ജലവിതരണം, വൈദ്യുതി എന്നിവയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങൾ പ്രവർത്തിക്കും.
വാക്‌സിനേഷൻ കേന്ദ്രങ്ങളിൽ പരമാവധി സൗകര്യം നൽകും. മറ്റു രോഗങ്ങളുള്ളവർ, വയോജനങ്ങൾ എന്നിവർക്കായി പ്രത്യേക കൗണ്ടറുകൾ തുടങ്ങുന്നത് ആലോചിക്കും. ആദിവാസി മേഖലകളിൽ വാക്‌സിനേഷന് പ്രത്യേക സൗകര്യം നൽകും.
കോവിഡിന്റെ രണ്ടാം തരംഗത്തെ അതിജീവിക്കാൻ കേരളം നടത്തിയിട്ടുള്ള ഒരുക്കങ്ങളും നടത്തുന്ന ഇടപെടലുകളും നമ്മുടെ ആവശ്യങ്ങളും പ്രധാനമന്ത്രിയുമായി നടന്ന വീഡിയോ കോൺഫറൻസിൽ വിശദീകരിച്ചതായി മുഖ്യമന്ത്രി പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *