റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വൈഗയെ കൊന്നത് താൻ തന്നെയെന്ന് സനു മോഹൻ, ആത്മഹത്യ ചെയ്യാൻ ശ്രമിച്ചു, ധൈര്യം വന്നില്ല

April 19, 2021 - 9:40 am

കൊച്ചി: വൈഗയുടെ കൊലപാതകത്തില്‍ പിതാവ് സനു മോഹന്‍ കുറ്റസമ്മതം നടത്തി. വൈഗയെ കൊലപ്പെടുത്തിയത് താന്‍ തന്നെയാണെന്നും മകളെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്യാനായിരുന്നു പദ്ധതിയെന്നുമാണ് സനു മോഹന്റെ കുറ്റസമ്മതം. കടബാധ്യത പെരുകിയപ്പോള്‍ മകളുമായി ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചതാണെന്നും എന്നാല്‍ മകളെ പുഴയില്‍ തള്ളിയെങ്കിലും ആത്മഹത്യ ചെയ്യാനായില്ലെന്നും മൊഴിയില്‍ പറയുന്നു.

ഒരുമിച്ച് മരിക്കാന്‍ പോവുകയാണെന്ന് മകളോട് പറഞ്ഞു. വൈഗയെ കെട്ടിപ്പിടിച്ച് ശരീരത്തോട് ചേര്‍ത്ത് നിര്‍ത്തി ശ്വാസം മുട്ടിച്ച് കൊന്നു. ബെഡ്ഷീറ്റില്‍ പൊതിഞ്ഞ് പുഴയില്‍ തള്ളി. എന്നാല്‍ ഭയം കാരണം ആത്മഹത്യ ചെയ്യാനായില്ല. ഒളിവില്‍ പോയതല്ല, മരിക്കാനായി പോയതാണ്. പിന്നീടും പലതവണ ആത്മഹത്യയ്ക്ക് ശ്രമിച്ചു എന്നും സനു മോഹന്‍ പൊലീസിനോട് പറഞ്ഞു.

എന്നാല്‍ മൊഴികളില്‍ പൊരുത്തക്കേടുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. അതേസമയം, ഫ്ലാറ്റിൽ വെച്ച് വൈഗ മരിച്ചിട്ടില്ലെന്നും ബോധരഹിതയായ കുട്ടി മരിച്ചെന്ന് കരുതി സനു മോഹന്‍ പുഴയില്‍ തള്ളുകയായിരുന്നു എന്നുമാണ് സൂചന. പുഴയിലേക്ക് വീഴുമ്പോള്‍ അബോധാവസ്ഥയിലായിരുന്ന കുട്ടി പുഴയില്‍ വീണതിന് ശേഷമായിരിക്കാം മരിച്ചതെന്നും പൊലീസ് കണക്കുകൂട്ടുന്നു.

18/04/21 ഞായറാഴ്ച കര്‍ണാടകയില്‍ നിന്ന് കൊച്ചിയിലെത്തിച്ച സനു മോഹനെ കൊച്ചിയിലെ രഹസ്യകേന്ദ്രത്തില്‍ നടത്തിയ ചോദ്യം ചെയ്യലിലാണ് കുറ്റസമ്മതം നടത്തിയിരിക്കുന്നത്. കര്‍ണാടകയില്‍ നിന്ന് ഗോവയിലേക്ക് കടക്കാനായിരുന്നു സനു മോഹന്റെ പദ്ധതിയെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. 19/04/21 തിങ്കളാഴ്ച പുലര്‍ച്ചെ നാല് മണിയോടെയാണ് പ്രത്യേക അന്വേഷണ സംഘം സനു മോഹനുമായി കൊച്ചിയിലെത്തിയത്. കര്‍ണാടകയിലെ കാര്‍വാറില്‍ നിന്ന് പിടിയിലായ സനുവിന്റെ പ്രാഥമിക ചോദ്യം ചെയ്യല്‍ യാത്രക്കിടെ പൂര്‍ത്തിയായതായി പൊലീസ് വൃത്തങ്ങള്‍ സൂചിപ്പിച്ചു. തൃക്കാക്കര അസി. കമ്മീഷ്ണര്‍ ഓഫീസിലാണ് സനു മോഹനെ സൂക്ഷിച്ചിരിക്കുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *