റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തൃശൂര്‍ പൂരം ; സാമൂഹിക അകലം ഉറപ്പാക്കാന്‍ വിവിധ പദ്ധതികളുമായി ജില്ലാ ഭരണകൂടം

April 13, 2021 - 11:07 am

തൃശൂര്‍ : തൃശൂര്‍ പൂരം കാണാനെത്തുന്നവരുടെ സുരക്ഷക്കും സാമൂഹിക അകലം ഉറപ്പാക്കാനുമുളള പദ്ധതികള്‍ക്ക് തുടക്കമിട്ട്‌ ജില്ലാ ഭരണകൂടം . ആറുസെക്ടറുകളായി തിരിച്ച്‌ ഓരോ സെക്ടറല്‍ മജിസ്‌ട്രേറ്റ്‌ മാര്‍ക്ക്‌ പൂരത്തിന് ചുമതല നല്‍കി. സെക്ടറല്‍ മജിസ്‌ട്രേറ്റുമാരായി പ്രവര്‍ത്തിക്കുന്നത്‌ ഡെപ്യൂട്ടി കളക്ടര്‍മാരായിരിക്കും. ജനങ്ങളെ സഹായിക്കാനും സാനിറ്റയിസര്‍ മാസ്‌ക്ക്‌ എന്നിവ വിതരണം ചെയ്യാനും പ്രോട്ടോകോള്‍ പാലിക്കുന്നുവെന്ന് ഉറപ്പാക്കാനും പോലീസിനെ സഹായിക്കാനുമായി 300 സിവില്‍ ഡിഫന്‍സ്‌ വോളന്‍റിയര്‍മാരെ സജ്ജമാക്കും. ജനങ്ങളെ സഹായിക്കാനും മാര്‍ഗനിര്‍ദ്ദേശം നല്‍കാനുമായി കോവിഡ്‌ മജിസ്‌ട്രേറ്റ്‌ മാരെയും നിയമിക്കും.

തഹ്‌സിൽദാർ, താലൂക്ക്‌ ഉദ്യോഗസ്ഥര്‍, വില്ലേജ്‌ ഉദ്യോഗസ്ഥര്‍ എന്നിവരുടെ സേവനം പൂരം ദിവസങ്ങളില്‍ പ്രദേശത്ത്‌ ഉറപ്പാക്കും. പൂരം ദിവസങ്ങളിലേക്കായി ജില്ലാ ഭരണകൂടം നൂറോളം തെര്‍മ്മല്‍ സ്‌കാനറുകള്‍ നല്‍കും. ഇതുപയോഗിച്ച ആരോഗ്യ വിഭാഗവും കോര്‍പ്പറേഷനും പൂരം കാണാനെത്തുന്നവരെ പരിശോധിക്കണം. സാനിറ്റയിസര്‍, മാസ്‌ക്‌ ,ഗ്ലൗസ്‌ എന്നിവ ആവശ്യനുസരണം കരുതി വയ്‌ക്കാനും വിതരണം ചെയ്യുന്നതിനും ദേവസ്വങ്ങള്‍ക്ക്‌ നിര്‍ദ്ദശം നല്‍കുന്നതിന്‌ കൊച്ചിന്‍ സ്‌പെഷല്‍ ദേവസ്വം കമ്മീഷണറെ ജില്ലാ കളക്ടര്‍ ചുമതലപ്പെടുത്തി.

തൃശൂര്‍ റൗണ്ടിലുളള 133 കെട്ടിടങ്ങള്‍ക്ക്‌ സുരക്ഷാപ്രശ്‌നം ചൂണ്ടിക്കാട്ടി കോര്‍പ്പറേഷന്‍ നോട്ടീസ്‌ നല്‍കിയിട്ടുണ്ട്‌. ഇത്തരം കെട്ടിടങ്ങളില്‍ പൂരം കാണാനെത്തുന്നവര്‍ കയറി നില്‍ക്കില്ലെന്നുറപ്പുവരുത്തും. പോലീസ്‌ സുരക്ഷയും ഉറപ്പാക്കും. റൗണ്ടിലെ പെട്രോള്‍ പമ്പുകള്‍ പൂരം ദിവസം പ്രവര്‍ത്തിക്കരുതെന്നും അവിടത്തെ സ്റ്റോക്ക്‌ ഒഴിവാക്കാനുമുളള നിര്‍ദ്ദേശം നല്‍കിയതായി ജില്ലാ കളക്ടര്‍ അറിയിച്ചു. ആരോഗ്യ വകുപ്പ്‌ വിവിധ ഇടങ്ങളില്‍ പോലീസുമായി സഹകരിച്ച്‌ എയ്‌ഡ്‌ പോസ്‌റ്റുകള്‍ സ്ഥാപിക്കും. ഡോക്ടര്‍മാര്‍ ഉൾപ്പെടെയുളള ആരോഗ്യ പ്രവര്‍ത്തകരുടെ സേവനം ഉറപ്പാക്കും.

അഗ്നിശമന വിഭാഗത്തിന്റെ ഏഴ്‌ ഫയര്‍ ടെന്‍ഡറുകള്‍ , ആക്ടിസിന്റെ 17ഉം സഹകരണ വകുപ്പിന്റെ 10 എണ്ണവും ഉള്‍പ്പടെ 27 ആംബുലന്‍സുകള്‍ എന്നിവ സജ്ജമാക്കിയിട്ടുണ്ട്‌. ദേവസ്വം പ്രതിനിധികളുടെയും പൂരവുമായി ബന്ധപ്പെട്ടുളള വിവിധ വകുപ്പുകളുടെയും യോഗം 2021 ഏപ്രില്‍ 13ന്‌ ചേരും. ആനകളുടെ പരിപാലനത്തിനായി പ്രത്യേക സ്‌ക്വാഡ്‌ രൂപീകരിച്ചു. മറ്റുജില്ലകളില്‍ നിന്ന്‌ ആനകളെ കൊണ്ടുവരുന്നതിന്‌ മുമ്പ്‌ അതാത്‌ ജില്ലകളിലെ ഉദ്യോഗസ്ഥര്‍ പരിശോധിച്ച്‌ ഫിറ്റ്‌നസ്‌ ഉറപ്പാക്കണമെന്നും ജില്ലാ കളക്ടര്‍ എ.ഷാനവാസ്‌ അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *