റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കനത്തകാറ്റിലും മഴയിലും വോട്ടിംഗ് തടസപ്പെട്ടു

April 7, 2021 - 11:39 am

തൊടുപുഴ: തൊടുപുഴ താലൂക്കിന്റെ വിവിധഭാഗങ്ങളില്‍ ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും പരക്കെ നാശനഷ്ടം . ചിലയിടങ്ങളില്‍ വോട്ടിംഗ് തടസപ്പെടുകയും ചെയ്തു. ഉച്ചക്ക് മൂന്നുമണിയോടെ ആരംഭിച്ച മഴ ഒരുമണിക്കൂറിലേറെ നീണ്ടുനിന്നു. മുട്ടം, കുടയത്തൂര്‍, അറക്കുളം കിരിങ്കുന്നം , ഉടുമ്പന്നൂര്‍ പഞ്ചായത്ത് പ്രദേശങ്ങളിലെ വിവിധ മേഖലകളില്‍ മരങ്ങള്‍ കടപുഴകിയും ശാഖകള്‍ ഒടിഞ്ഞും വീടുകള്‍ക്കും വൈദ്യുതി ലൈനുകള്‍ക്കും നാശം സംഭവിച്ചു. അഗ്നിശമന ജീവനക്കാരുടേയും നാട്ടുകാരുടേയും സഹായത്തോടെ മരങ്ങളും മറ്റും വെട്ടിമാറ്റി ഗതാഗതം പുനസ്ഥാപിച്ചു. രാത്രി ഏറെവൈകിയും മരങ്ങള്‍ വെട്ടിമാറ്റാനുളള ശ്രമങ്ങള്‍ നടന്നുവരികയാണ്. പലസ്ഥലങ്ങളിലും വൈദ്യുതി ബന്ധം പുനസ്ഥാപിക്കാന്‍ കഴിഞ്ഞിട്ടില്ല.

മഞ്ചിക്കല്ല് പ്രദേശങ്ങളില്‍ കാര്‍ഷിക വിളകള്‍ക്ക് നാശം സംഭവിച്ചു. മണക്കാട് കോലടിഭാഗത്ത് ഷെഡ് കെട്ടി താമസിക്കുന്ന കുടുംബത്തിന്റെ വീടിന്‍റെ ഷീറ്റ് കാറ്റെടുത്തു. കുടയത്തൂര്‍ പഞ്ചായത്തില്‍ അടൂര്‍മലയില്‍ തിളങ്ങനാട്ടില്‍ രാജപ്പന്‍, മാന്നാനം തോമസ് എന്നിവരുടെ വീടുകളിലേക്ക് മരം വീണ് വീടിന് നാശം സംഭവിച്ചു. ചക്കിക്കാവില്‍ 11 കെവി ലൈനിലേക്ക് മരം ഒടിഞ്ഞുവീണ് മണിക്കൂറുകളോളം വൈദ്യുതി നിലച്ചു. കാഞ്ഞാറില്‍ സംസ്ഥാന പാതയിലേക്ക് വീണ മരം മൂലമറ്റം അഗ്നിശമന സേനയുടെയും നാട്ടുകാരുടെയും നേതൃത്വത്തില്‍ വെട്ടിമാറ്റിയാണ് ഗതാഗതം പുനസ്ഥാപിച്ചത്. കുടയത്തൂര്‍ മുസ്ലീം പളളിക്കുസമീപം പഞ്ചായത്ത് റോഡിലേക്ക് വീണ മരം നാട്ടുകാര്‍ വെട്ടിമാറ്റി. അറക്കുളം 12-ാം മൈല്‍ ഭാഗത്ത് സംസ്ഥാന പാതയോരത്ത് കലുങ്ക് അപകടാവസ്ഥയിലായി. ഇവിടെ റോഡ് വിണ്ടുകീറിയ അവസ്ഥയിലായിട്ട് ഏറെ നാളുകളായിരുന്നു. ഇന്നലെ മഴപെയ്തതോടെ വെളളം കുത്തിയൊലിച്ചതിനെ തുടര്‍ന്ന് കൂടുതല്‍ അപകടാവസ്ഥയിലായി.

വോട്ടുചെയ്യാനായി വാഹനങ്ങളിലെത്തിയ പലര്‍ക്കും പോളിംഗ് ബൂത്തിലേക്ക് പ്രവേശിക്കാന്‍ കഴിയാതെ വാഹനങ്ങളില്‍തന്നെ മണിക്കൂറുകളോളം കഴിയേണ്ടിവന്നു. ഒരുമണിക്കൂറോളം നീണ്ട മഴ കുറഞ്ഞതിനുശേഷമാണ് വീടുകളില്‍ നിന്ന് പലരും പുറത്തിറങ്ങിയത് . മഴയെ തുടര്‍ന്ന് മിക്ക ബൂത്തുകളിലും വൈദ്യുതി നിലച്ചിരുന്നു. എന്നാല്‍ ചിലയിടങ്ങളില്‍ ബാറ്ററി സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തി യിരുന്നതിനാല്‍ പോളിംഗിനെ ബാധിച്ചില്ല.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *